രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ലാതെ 15 സംസ്ഥാനങ്ങള്‍
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അരുണാചല്‍ പ്രദേശ്, ആന്തമാന്‍- നിക്കോബാര്‍, ത്രിപുര, ദാദ്ര, നഗര്‍ ഹവേലി, നാഗാലാന്‍ഡ്, മിസോറം, ലക്ഷദ്വീപ് എന്നിവയാണ് ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. ഇവിടങ്ങളില്‍ കൊവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനിടെ ആശ്വാസകരമായ വാര്‍ത്തകള്‍ പുറത്തുവരുന്നു. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം കുറയുന്നതിന്റെ ശുഭസൂചനയാണിതെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണവും ക്രമാതീതമായി കുറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് ആഴ്ചയായി കൊവിഡ് മരണങ്ങളില്‍ ശരാശരി 55 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അരുണാചല്‍ പ്രദേശ്, ആന്തമാന്‍- നിക്കോബാര്‍, ത്രിപുര, ദാദ്ര, നഗര്‍ ഹവേലി, നാഗാലാന്‍ഡ്, മിസോറം, ലക്ഷദ്വീപ് എന്നിവയാണ് ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. ഇവിടങ്ങളില്‍ കൊവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം മുന്‍കരുതലുകള്‍ തുടരേണ്ടത് പ്രധാനമാണ്. കഴിഞ്ഞ ഏഴുദിവസങ്ങളിലായി ഇന്ത്യയിലെ ഒരു ദശലക്ഷം ജനസംഖ്യയില്‍ ദിവസേനയുള്ള മരണനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് നിതി ആയോഗിലെ വി കെ പോള്‍ പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണവും കുറയുന്നു. ഇതൊരു സന്തോഷവാര്‍ത്തയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ ഒരു മരണവും രേഖപ്പെടുത്തിയിട്ടില്ല. അതും ഒരു സന്തോഷവാര്‍ത്തയാണ്- പോള്‍ പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന സീറോ സര്‍വേ നമ്മുടെ ജനസംഖ്യയുടെ 70 ശതമാനത്തിലധികവും ഇപ്പോഴും ദുര്‍ബലരാണെന്ന് പറയുന്നു. സര്‍വേയില്‍ 25 ശതമാനമാളുകള്‍ കൊവിഡ് ആന്റി ബോഡികള്‍ വഹിക്കുന്നുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളേക്കാള്‍ വളരെ താഴെയാണിത്. മുംബൈയില്‍ ഇത് 75 ശതമാനത്തിലധികമാണ്.