യുപിയിലെ പൗരത്വ പ്രക്ഷോഭം: അക്രമത്തിന് തെളിവില്ല; പോലിസിന്റെ വാദങ്ങള്‍ തള്ളി കോടതി, 48 പേര്‍ക്ക് ജാമ്യം
ജനക്കൂട്ടം പോലിസിനുനേരെ വെടിയുതിര്‍ത്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍, തെളിവുകളായി ആയുധങ്ങള്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ജനക്കൂട്ടം പോലിസിനുനേരേ വെടിയുതിര്‍ത്തുവെന്ന് സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ അക്രമം അഴിച്ചുവിട്ടെന്നാരോപിച്ച് പോലിസ് അറസ്റ്റുചെയ്ത 48 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് ചുമത്തിയ കുറ്റങ്ങള്‍ക്കൊന്നും തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ കോടതി ജാമ്യം അനുവദിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഏറ്റവും കൂടുതല്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട യുപിയിലെ ജില്ലകളിലൊന്നാണ് ഡല്‍ഹിയില്‍നിന്ന് 161 കിലോമീറ്റര്‍ അകലെയുള്ള ബിജ്‌നോര്‍. പ്രതിഷേധക്കാര്‍ക്കുനേരേ കലാപം, കൊലപാതകശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് അറസ്റ്റുചെയ്തിരുന്നത്.
83 പ്രതികളില്‍ 48 പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഉത്തര്‍പ്രദേശ് പോലിസിന്റെ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞത്. ബിജ്‌നോറിലെ നാഗിന പട്ടണത്തിലായിരുന്നു പ്രധാനമായും പ്രതിഷേധമുണ്ടായത്. ഡിസംബര്‍ 20ന് വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കുശേഷം നടന്ന ഒത്തുകൂടിയ ആയിരക്കണക്കിനാളുകള്‍ യാതൊരു പ്രകോപനവുമില്ലാതെ സ്വകാര്യവാഹനങ്ങളും കടകളും നശിപ്പിക്കുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തുവെന്നാണ് അറസ്റ്റുചെയ്ത 83 പേര്‍ക്കെതിരേയുള്ള എഫ്‌ഐആറില്‍ പോലിസ് രേഖപ്പെടുത്തിയിരുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച പോലിസിസിനുനേരെ കല്ലെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍, പോലിസിന്റെ വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു ജഡ്ജിയുടെ നിരീക്ഷണങ്ങള്‍.
ജനക്കൂട്ടം പോലിസിനുനേരെ വെടിയുതിര്‍ത്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍, തെളിവുകളായി ആയുധങ്ങള്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ജനക്കൂട്ടം പോലിസിനുനേരേ വെടിയുതിര്‍ത്തുവെന്ന് സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജഡ്ജി ചൂണ്ടിക്കാട്ടി. ജനക്കൂട്ടം സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ തകര്‍ത്തതായും കടകള്‍ക്ക് തീയിട്ടതായും പോലിസ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച യാതൊരു തെളിവും പോലിസിന് ഹാജരാക്കാനായില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ഒരു സര്‍ക്കാര്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി പോലിസ് റിപോര്‍ട്ടിലുണ്ട്. എന്നാല്‍, സംഭവം നടന്ന് 20 ദിവസത്തിനുശേഷമാണ് ഈ റിപോര്‍ട്ട് പോലിസ് തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 13 പോലിസുകാര്‍ക്ക് പരിക്കേറ്റതായാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ പറയുന്നത്.
എന്നാല്‍, പോലിസുകാരുടെ പരിക്കുകളെല്ലാം വളരെ നിസാരമാണെന്നാണ് ഇവരുടെ മെഡിക്കല്‍ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമഭേദഗതിക്കെതിരേ യുപിയില്‍ വ്യാപകമായി പ്രതിഷേധമുണ്ടായി. അക്രമം നടത്തിയെന്നാരോപിച്ച് യുപിയില്‍ ആയിരക്കണക്കിനാളുകളെയാണ് പോലിസ് അറസ്റ്റുചെയ്ത് പീഡിപ്പിച്ചത്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കാത്തവരെപ്പോലും പോലിസ് വേട്ടയാടി. ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെ പോലിസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഒരാള്‍ മാത്രമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പോലിസിന്റെ വിശദീകരണം. യുപിയിലൊട്ടാകെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പോലിസ് വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായ റിപോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പോലിസ് നിഷേധിക്കുകയായിരുന്നു. കോടതിയുടെ നിരീക്ഷണത്തോടെ ഗൂഢലക്ഷ്യത്തോടെ യുപി പോലിസ് വ്യാപകമായി കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.