സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് മതവിദ്യാഭ്യാസം വേണ്ട; അസമില്‍ മദ്‌റസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടുന്നു
നിയമസഭയില്‍ നേരത്തെ ഞങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നയമാണിത്. സര്‍ക്കാരിന്റെ ധനസഹായത്തോടെ ഇനി ഇവിടെ മതവിദ്യാഭ്യാസം അനുവദിക്കില്ല. ഇതുസംബന്ധിച്ച് നവംബറില്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദിസ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടുന്നു. പൊതുഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് മതവിദ്യാഭ്യാസം നടത്തേണ്ടെന്നും എല്ലാ മദ്‌റസകളും സംസ്‌കൃത സ്‌കൂളുകളും നിര്‍ത്തലാക്കുമെന്ന് അസം വിദ്യാഭ്യാസ- ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. നിയമസഭയില്‍ നേരത്തെ ഞങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നയമാണിത്. സര്‍ക്കാരിന്റെ ധനസഹായത്തോടെ ഇനി ഇവിടെ മതവിദ്യാഭ്യാസം അനുവദിക്കില്ല. ഇതുസംബന്ധിച്ച് നവംബറില്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്വകാര്യ മദ്‌റസകള്‍ക്കോ സംസ്‌കൃത സ്‌കൂളുകള്‍ക്കോ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. മദ്‌റസകള്‍ അടയ്ക്കുന്നതോടെ പ്രതിസന്ധിയിലാവുന്ന 48 കരാര്‍ അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 614 സര്‍ക്കാര്‍, എയ്ഡഡ് മദ്‌റസകളാണുള്ളത്. ഇതില്‍ 57 എണ്ണം പെണ്‍കുട്ടികള്‍ക്കും മൂന്ന് എണ്ണം ആണ്‍കുട്ടികള്‍ക്കും 554 എണ്ണം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള മദ്‌റസകളുമാണ്. ഇതില്‍ 17 എണ്ണം ഉറുദു മീഡിയമാണ്.
അസമില്‍ ആകെയുള്ള ആയിരം അംഗീകൃത സംസ്‌കൃത സ്‌കൂളുകളില്‍ 100 എണ്ണം സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍, അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറുന്ന തങ്ങളുടെ സര്‍ക്കാര്‍ അവ വീണ്ടും തുറക്കുമെന്ന് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവും എംപിയുമായ ബദ്റുദ്ദീന്‍ അജ്മല്‍ പ്രതികരിച്ചു. മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ കഴിയില്ല. 50-60 വര്‍ഷം പഴക്കമുള്ള ഈ മദ്‌റസകള്‍ ബിജെപി സര്‍ക്കാര്‍ ബലമായി അടക്കുകയാണെങ്കില്‍ ഞങ്ങള്‍ വീണ്ടും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ മദ്‌റസകള്‍ക്കായി ഏകദേശം 3-4 കോടി രൂപയും സംസ്‌കൃത സ്‌കൂളുകള്‍ക്കായി ഒരുകോടി രൂപയുമാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്.