കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പെണ്‍കുട്ടിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

ദക്ഷിണ കന്നഡ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് 19 കാരിയായ കോളജ് വിദ്യാര്‍ഥിനി പീഡനത്തിനിരയായതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Update: 2019-07-03 19:13 GMT

ബംഗളൂരു: കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റുചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാരിമാര്‍ ബന്ദ്‌വാല്‍ സ്വദേശി പ്രഖ്യാത് ഷെട്ടി (19), ആര്യാപ്പ് പുത്തൂര്‍ സ്വദേശി സുനില്‍ ഗോവ്ഡ (19), പേര്‍ണെ ബന്ദ്‌വാല്‍ സ്വദേശി കിഷന്‍ (19), പേര്‍ണെ വില്ലേജിലെ പ്രജ്വാള്‍ നായ്ക് (19), പുത്തൂര്‍ ബജാത്തൂര്‍ സ്വദേശി ഗുരുനന്ദന്‍ (19) എന്നിവരാണ് അറസ്റ്റിലായതെന്ന് എസ്പി ബി എം ലക്ഷ്മി പ്രസാദ് അറിയിച്ചു.

ആഴ്ചകള്‍ക്ക് മുമ്പാണ് 19 കാരിയായ കോളജ് വിദ്യാര്‍ഥിനി പീഡനത്തിനിരയായതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലിസ് സ്വമേധയാ കേസെടുക്കുകയും സൈബര്‍സെല്ലിന് വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലിസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചു. ബുധനാഴ്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിയിരുന്നു. ഇതില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ ഒരു വിദ്യാര്‍ഥിനിയും ഉള്‍പ്പെടുന്നു.

ബുധനാഴ്ചയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പോലിസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയത്. തുടര്‍ന്നാണ് അഞ്ചുപേരുടെയും അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് പീഡനം നടന്നതെന്നാണ് പോലിസ് പറയുന്നത്. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി നാലംഗസംഘം പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വീഡിയോ പ്രചരിച്ചതോടെയാണ് പോലിസ് ഇടപെടുകയും പെണ്‍കുട്ടിയോട് പരാതിയുമായി മുന്നോട്ടുവരാന്‍ പോലിസ് അഭ്യര്‍ഥിക്കുകയും ചെയ്തു. പിടിയിലായവരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

അന്വേഷണം നടക്കുകയാണെന്നും ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് അന്വേഷിക്കുകയാണെന്നും പോലിസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ ദൃശ്യങ്ങള്‍ കംപ്യൂട്ടറിലോ മൊബൈലിലോ സേവ് ചെയ്യുന്നതോ ഷെയര്‍ ചെയ്യുന്നതോ കുറ്റകരമാണെന്ന് പൊതുജനങ്ങള്‍ക്ക് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലിസ് അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് പ്രതികളായ വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്‌പെന്റ് ചെയ്തതാണ് കോളജ് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News