'ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല'; ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം തുടരവെ ചൈനയ്ക്ക് ശക്തമായി മുന്നറിയിപ്പ് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രകോപനങ്ങള്‍ക്ക് രാജ്യം തക്ക മറുപടി നല്‍കിയിട്ടുണ്ടെന്നും ഒരിഞ്ച് ഭൂമിയും കൈയേറാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ലഡാക്കിലെ റെസാങ് ലായിലെ നവീകരിച്ച യുദ്ധസ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു രാജ്യത്തിന്റെ ഭൂമി അതിക്രമിച്ച് കൈവശം വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നത് ഇന്ത്യയുടെ സ്വഭാവമാണ്. എന്നാല്‍, ഏതെങ്കിലും രാജ്യം ഇന്ത്യയുടെ നേര്‍ക്ക് കണ്ണുയര്‍ത്തിയാല്‍ അതിന് തക്കതായ മറുപടി ഞങ്ങള്‍ നല്‍കിയിട്ടുണ്ട്.
रेज़ांग ला मेमोरियल भारत की सेना के शौर्य, पराक्रम एवं बलिदान का प्रतीक है। pic.twitter.com/uH7KCM5X64
— Rajnath Singh (@rajnathsingh) November 18, 2021
നമ്മുടെ ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല. പ്രകോപനങ്ങള്‍ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ നമ്മുടെ സൈന്യത്തിലെ ധീരരായ സൈനികര്‍ക്ക് കഴിവുണ്ട്- രാജ്‌നാഥ് സിങ് ഓര്‍മപ്പെടുത്തി. 1962ല്‍ റെസാങ് ലായെയും പരിസരപ്രദേശങ്ങളെയും സംരക്ഷിച്ച സൈനികരുടെ ധൈര്യവും ത്യാഗവും ഭാവി തലമുറകള്‍ക്ക് എന്നും പ്രചോദനമാവും. ഈ സ്മാരകം നമ്മുടെ ധീരരായ സായുധ സേനയ്ക്കുള്ള ആദരവും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനുള്ള നമ്മുടെ തയ്യാറെടുപ്പിന്റെ പ്രതീകവുമാണ്. ഹൃദയവിശാലതയുള്ളവര്‍ക്ക് മാത്രമേ തങ്ങളുടെ രാജ്യത്തിനുവേണ്ടി മരിക്കാന്‍ കഴിയൂ എന്ന് പറഞ്ഞ അദ്ദേഹം അവരെ 'ആത്മീയ മനുഷ്യര്‍' എന്ന് വിശേഷിപ്പിച്ചു.
2020 ആഗസ്തില്‍ ഇന്ത്യ കൈവശപ്പെടുത്തിയ ചുഷുല്‍ ഉപമേഖലയിലെ കൈലാഷ് പര്‍വതനിരയുടെ ഉയരങ്ങളില്‍ ഒന്നാണ് റെസാങ് ലാ. ഇത് ദേശീയതയുടെ വികാരം വര്‍ധിപ്പിക്കുകയും വിനോദസഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. പ്രദേശത്ത് താമസിക്കുന്ന സിവിലിയന്മാരെ സിങ് അഭിനന്ദിക്കുകയും അവരെ രാജ്യത്തിന്റെ 'തന്ത്രപരമായ സ്വത്ത്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സ്മാരകത്തിന്റെ നവീകരണം നമ്മുടെ ധീരരായ സായുധ സേനയ്ക്കുള്ള ആദരവ് മാത്രമല്ല, രാഷ്ട്രത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ ഞങ്ങള്‍ പൂര്‍ണമായും തയ്യാറാണ് എന്നതിന്റെ പ്രതീകം കൂടിയാണ്.
നമ്മുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഭീഷണിപ്പെടുത്തുന്ന ഏതൊരാള്‍ക്കും ഉചിതമായ മറുപടി നല്‍കുന്ന സര്‍ക്കാരിന്റെ നിലപാടിനെ ഈ സ്മാരകം പ്രതീകപ്പെടുത്തുന്നു. സൈനികരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ക്കൊപ്പം 2020ല്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചവരുടെയും പേരുകള്‍ ചേര്‍ത്താണ് റെസാങ് ലാ സ്മാരകം നവീകരിച്ചത്. 1962ലെ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ ആര്‍ വി ജതറിനെ മന്ത്രി തന്നെ വീല്‍ചെയറിലെത്തിച്ച് ആദരിക്കുകയും ചെയ്തു.