ലോക്ക് ഡൗണിന്റെ മറവില്‍ ഡല്‍ഹിയില്‍ വീണ്ടും പോലിസ് വേട്ട; ജാമിഅ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ കസ്റ്റഡിയില്‍
ജാര്‍ഖണ്ഡ് സ്വദേശിയും എസ്‌ഐഒ പ്രവര്‍ത്തകനുമായ ആസിഫ് തന്‍ഹ ഇഖ്ബാലിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യാനെന്ന പേരില്‍ ശനിയാഴ്ച രാത്രിയോടെ ആസിഫിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ ഡല്‍ഹി പോലിസിന്റെ വേട്ടയാടല്‍ തുടരുന്നു. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഒരുവിദ്യാര്‍ഥിയെക്കൂടി ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയും എസ്‌ഐഒ പ്രവര്‍ത്തകനുമായ ആസിഫ് തന്‍ഹ ഇഖ്ബാലിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യാനെന്ന പേരില്‍ ശനിയാഴ്ച രാത്രിയോടെ ആസിഫിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡല്‍ഹി കലാപക്കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ സെല്‍ ആസിഫ് ഇഖ്ബാലിനെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.
ജാമിഅ വിദ്യാര്‍ഥികളായ സഫൂറ സര്‍ഗാറിനെയും മീരാന്‍ ഹൈദറിനെയും പോലിസ് നേരത്തെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്തിരുന്നു. നാലുമാസം ഗര്‍ഭിണിയായ സഫൂര്‍ സര്‍ഗാറിനെയടക്കം ജയിലിലടച്ചതിനെതിരേ രാജ്യമെങ്ങും വ്യാപകപ്രതിഷേധമുയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ വീണ്ടും ഡല്‍ഹി പോലിസിന്റെ നടപടിയുണ്ടായിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരുവില്‍ പ്രതിഷേധങ്ങളുയരില്ലെന്ന പഴുതുപയോഗിച്ചാണ് പോലിസിന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയതിന്റെ പേരില്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ ആസൂത്രണംചെയ്ത വര്‍ഗീയാക്രമണക്കേസില്‍ കുടുക്കി അറസ്റ്റിലായ ജാമിഅ മില്ലിയ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗര്‍ തിഹാര്‍ ജയിലില്‍ ഏകാന്തതടവിലാണുള്ളത്. ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ പൗരത്വ സമരം നയിച്ച ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോ-ഓഡിനേറ്ററായിരുന്നു സഫൂറ. ആദ്യം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ഡല്‍ഹി പോലിസ് പിന്നീട് സഫൂറക്കെതിരേ ഭീകരനിയമമായ യുഎപിഎ കുറ്റം ചുമത്തുകയാണ് ചെയ്തത്.