ധൈര്യമുണ്ടോ തന്റെ റാലി തടയാന്‍; മമതയെ വെല്ലുവിളിച്ച് മോദി

താന്‍ ബംഗാളില്‍ നടത്തുന്ന റാലി തടയാന്‍ മമതയ്ക്കു ധൈര്യമുണ്ടോയെന്ന് ഉത്തര്‍പ്രദേശിലെ മൗനാഥ് ബഞ്ചനില്‍ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ മോദി ചോദിച്ചു. റാലി നടത്താനായി താന്‍ ബംഗാളിലേക്ക് പോവുകയാണ്. തന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാതിരിക്കാന്‍ മമതയ്ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാമെന്നും മോദി പറഞ്ഞു.

Update: 2019-05-16 11:08 GMT

ലഖ്‌നോ: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ബംഗാളില്‍ നടത്തുന്ന റാലി തടയാന്‍ മമതയ്ക്കു ധൈര്യമുണ്ടോയെന്ന് ഉത്തര്‍പ്രദേശിലെ മൗനാഥ് ബഞ്ചനില്‍ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ മോദി ചോദിച്ചു. റാലി നടത്താനായി താന്‍ ബംഗാളിലേക്ക് പോവുകയാണ്. തന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാതിരിക്കാന്‍ മമതയ്ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാമെന്നും മോദി പറഞ്ഞു.

ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഹെലികോപ്റ്ററുകള്‍ നിലത്തിറക്കുന്നതിന് മമത അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസവും അമിത് ഷാ നേതൃത്വം നല്‍കുന്ന മൂന്ന് റാലികള്‍ക്കും മമത വിലക്കേര്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് മമതയെ വെല്ലുവിളിച്ച് മോദി രംഗത്തെത്തിയത്. അമിത് ഷായുടെ റാലിക്കിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത് നമ്മള്‍ കണ്ടതാണ്.

ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ അവര്‍ തകര്‍ത്തു. അത്തരം ആളുകള്‍ക്കെതിരേ കര്‍ശനനടപടി വേണ്ടേ. എന്നിട്ട് ഇത് ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വിദ്യാസാഗറിന്റെ ആശയം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ബിജെപി. അദ്ദേഹത്തിന്റെ പ്രതിമ പഞ്ചലോഹങ്ങള്‍കൊണ്ട് അതേയിടത്തുതന്നെ പുനര്‍നിര്‍മിക്കുമെന്നും മോദി വ്യക്തമാക്കി. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പുറാലിക്കിടെയാണ് ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

വിദ്യാസാഗര്‍ കോളജില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ അര്‍ധകായപ്രതിമ സംഘര്‍ഷത്തില്‍ തകര്‍പ്പെടുകയും ചെയ്തു. ബിജെ പി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന ആരോപണവുമായി തൃണമൂല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും തൃണമൂല്‍ പുറത്തുവിട്ടിരുന്നു. ബംഗാള്‍ ജനതയുടെ വികാരപ്രശ്‌നം കൂടിയായ പ്രതിമ തകര്‍ക്കല്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയുടെ പ്രഖ്യാപനം. 

Tags:    

Similar News