ഇന്ത്യന്‍ പ്രധാനമന്ത്രി ഈ മാസം 27ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും
സപ്തംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനത്തിനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്.
യുനൈറ്റഡ് നേഷന്‍സ്: പ്രധാനമന്ത്രി നരേന്ദ്രമോദി സപ്തംബര്‍ 27ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും. സപ്തംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനത്തിനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. 27ന് രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാനും ലോകനേതാക്കളെ അഭിസംബോധന ചെയ്യും. യുഎന്‍ പൊതുസഭയുടെ 74ാമത് സെഷനില്‍ 112 രാഷ്ട്രത്തലവന്മാരും 48 ഭരണമേധാവികളും 30 വിദേശകാര്യമന്ത്രിമാരുമാണ് പങ്കെടുക്കുന്നത്.
യുഎസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. 2019ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മോദിയെ അവാര്‍ഡിന് പരിഗണിച്ചത്. എന്നാല്‍, രാജ്യത്ത് ഒരു വിഭാഗത്തിനെതിരേ കടുത്ത വിവേചനവും വിഭാഗീയതയും വളരുമ്പോഴും മൗനം പാലിക്കുന്ന മോദിയെ ആദരിക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്്.
ഉഭയകക്ഷി ചര്‍ച്ചകള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങി ഒരാഴ്ചയോളംനീളുന്ന തിരക്കേറിയ പരിപാടികളാണ് ന്യൂയോര്‍ക്കില്‍ മോദിയെ കാത്തിരിക്കുന്നത്. ലോകം മഹാത്മാഗാന്ധിയുടെ 150ാം ജയന്തി ആഘോഷിക്കുമ്പോള്‍ യുഎന്‍ ആസ്ഥാനത്ത് സപ്തംബര്‍ 24ന് നടക്കുന്ന പ്രത്യേകപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25ന് ബ്ലൂംബര്‍ഗ് ബിസിനസ് ഫോറത്തിലും പ്രസംഗിക്കും. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി തുടങ്ങുന്ന ഗാന്ധിപീസ് ഗാര്‍ഡന്‍ മോദി ഉദ്ഘാടനംചെയ്യും. സപ്തംബര്‍ 23നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തെറസ് അധ്യക്ഷത വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടി. ഇതിലും മോദി പങ്കെടുക്കും.