പോലിസ്- അഭിഭാഷക സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിനെതിരേ റിവ്യൂ ഹരജിയുമായി ഡല്‍ഹി പോലിസ്
പോലിസുകാര്‍ക്കെതിരേ മാത്രം ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവില്‍ വ്യക്തത തേടിയാണ് റിവ്യൂ ഹര്‍ജിയുമായി ഡല്‍ഹി പോലിസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിവ്യൂ ഹരജി ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും.
ന്യൂഡല്‍ഹി: അഭിഭാഷകരും പോലിസുകാരും ഏറ്റുമുട്ടിയ തീസ് ഹസാരി സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിനെതിരേ ഡല്‍ഹി പോലിസ് രംഗത്ത്. പോലിസുകാര്‍ക്കെതിരേ മാത്രം ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവില്‍ വ്യക്തത തേടിയാണ് റിവ്യൂ ഹര്‍ജിയുമായി ഡല്‍ഹി പോലിസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിവ്യൂ ഹരജി ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പോലിസ് ആസ്ഥാനത്ത് 11 മണിക്കൂര്‍ സമരം ചെയ്ത പോലിസുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു റിവ്യൂ ഹരജി.
തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഡല്‍ഹി ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അഭിഭാഷകര്‍ക്കെതിരെയുള്ള നടപടി തടയുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭിഭാഷകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പോലിസുകാര്‍ തെരുവിലിറങ്ങിയത്. അഭിഭാഷകര്‍ക്കെതിരേ ബലപ്രയോഗം പാടില്ലെന്ന ഞായറാഴ്ചത്തെ ഉത്തരവ് സംബന്ധിച്ച് വിശദീകരണംതേടി ആഭ്യന്തരമന്ത്രാലയവും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, ഡല്‍ഹിസര്‍ക്കാരിനും ബാര്‍ കൗണ്‍സിലിനും നഗരത്തിലെ ബാര്‍ അസോസിയേഷനുകള്‍ക്കും നോട്ടീസയച്ചു.
കേന്ദ്രത്തിന്റെ ഹരജിയും ഇന്ന് കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്. കോടതികള്‍ക്കുമുമ്പില്‍ നടന്ന ഏറ്റുമുട്ടലുകളുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന അഭിഭാഷകരുടെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു.