മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി: പ്രശ്‌നപരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്

മുകുള്‍ വാസ്‌നിക്, ദീപക് ബാബറിയ, ഹരീഷ് റാവത്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതിനു പുറമേ വിമത നേതാക്കളുമായി സംസാരിക്കുന്നതിന് സജ്ജന്‍സിങ് വര്‍മ, ഗോവിന്ദ് സിങ് എന്നീ മുതിര്‍ന്ന നേതാക്കളെയും ചുമതലപ്പെടുത്തി.

Update: 2020-03-11 05:17 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുള്‍ വാസ്‌നിക്, ദീപക് ബാബറിയ, ഹരീഷ് റാവത്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതിനു പുറമേ വിമത നേതാക്കളുമായി സംസാരിക്കുന്നതിന് സജ്ജന്‍സിങ് വര്‍മ, ഗോവിന്ദ് സിങ് എന്നീ മുതിര്‍ന്ന നേതാക്കളെയും ചുമതലപ്പെടുത്തി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

എന്നാല്‍, സിന്ധ്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാ സീറ്റ് ബിജെപി സിന്ധ്യയ്ക്ക് മാറ്റിവച്ചതായാണ് വിവരം. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ബിജെപി എംഎല്‍എമാരെ ഹരിയാന ഗുരുഗ്രാമിലെ ഐടിസി ഗ്രാന്‍ഡ് ഭാരത് ഹോട്ടലിലെത്തിച്ചു.

അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കമല്‍നാഥ് രാജിവയ്‌ക്കേണ്ടതില്ലെന്നും 16ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കമല്‍നാഥ് അവകാശപ്പെട്ടിരുന്നു. സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എംഎല്‍എമാരാണ് ഇതുവരെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചിട്ടുള്ളത്.  

Tags:    

Similar News