പൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ട്: കോണ്‍ഗ്രസ്
ചണ്ഡീഗഡ്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നടന്ന ആക്രമണം ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന ചരണ്‍ജിത് സിങ് ചന്നി. ശനിയാഴ്ച പൂഞ്ചില്‍ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ചന്നിയുടെ പ്രതികരണം. ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
'ഇത് തീവ്രവാദി ആക്രമണമല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ് പൂഞ്ചില്‍ നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും ഇത്തരം സ്റ്റണ്ടുകള്‍ ബിജെപി നടത്തിയിരുന്നു, ' ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു.
ഇത് ബിജെപി മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍ യാതൊരു സത്യവുമില്ല. ആളുകളെ കൊന്നതിന് ശേഷം അവരുടെ മൃതദേഹങ്ങള്‍ വെച്ച് രാഷട്രീയം കളിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.
പൂഞ്ചില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ആറ് പ്രദേശവാസികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആക്രമണം നടത്തിയ ആളുകള്‍ക്ക് ഇവര്‍ സഹായം നല്‍കിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറഞ്ഞു.ശനിയാഴ്ച വ്യോമസേന അംഗങ്ങളുമായി വന്ന വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.