സ്ത്രീ പീഡനക്കേസില്‍ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

Update: 2024-05-31 05:59 GMT

ബെംഗളൂരു: കര്‍ണാടക ഹാസ്സനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നിലവിലെ എം.പിയുമായ ജെ.ഡി.എസ് നേതാവ് പ്രജ്വല്‍ രേവണ്ണ സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍. ജര്‍മനിയില്‍ നിന്ന് മടങ്ങിയെത്തും വഴി ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

കര്‍ണാടകയിലെ ഹാസ്സനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ഏപ്രില്‍ 27നാണ് പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടത്. നയതന്ത്ര പാസ്പാര്‍ട്ട് ഉപയോഗിച്ചായിരുന്നു പ്രജ്വല്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് പ്രജ്വലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്വല്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ തയ്യാറായത്.

മെയ് 31 പുലര്‍ച്ചെ 12.30നാണ് പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എന്‍.ഡി.എ നേതാവിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് കൊണ്ടുപോകുയും ചെയ്തു. നിലവില്‍ പ്രജ്വലിനെതിരെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ തന്നെ അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.

ഈ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസായിരുന്നു മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള സ്ത്രീ പീഡിനക്കേസുകള്‍. ഇത് സംബന്ധിച്ച തെളിവുകള്‍ അടങ്ങുന്ന പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ ഉടനീളം വിതരണം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത് കര്‍ണാടകയില്‍ എന്‍.ഡി.എക്കും പ്രത്യേകിച്ച് ജെ.ഡി.എസിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെ രാജ്യത്തെ മറ്റിടങ്ങളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ പ്രജ്വല്‍ വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു.

എച്ച്.ഡി. ദേവഗൗഡ ഉള്‍പ്പടെയുള്ളവര്‍ പ്രജ്വല്‍ രേവണ്ണയോട് നാട്ടിലേക്ക് തിരിച്ചെത്തി കീഴടങ്ങാന്‍ വേണ്ടി ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ പിതാവ് എച്ച.ഡി. രേവണ്ണയും അറസ്റ്റിലായിരുന്നു.





Tags:    

Similar News