ബെംഗളൂരു: രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ബാബരി മസ്ജിദിന്റെ വഖഫ് ഭൂമിയിലാണെന്നും, വഖഫ് ഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചത് കൊണ്ട് വഖഫ് ഭൂമിയുടെ സ്വഭാവം മാറില്ലെന്നും ആ ഭൂമി എന്നും വഖഫ് ഭൂമിയായി തന്നെ തുടരുമെന്നും 2024 ജനുവരി 19 ന് ബെംഗളൂരുവില്‍ നടന്ന എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
1949-ല്‍ മസ്ജിദിനുള്ളില്‍ രാംലല്ല സ്ഥാപിച്ചതും 1992 ല്‍ മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് ബാബരി ഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കിയ അതേ അന്തിമ വിധിയില്‍ സുപ്രീം കോടതി അസന്ദിഗ്ധമായി സ്ഥിരീകരിച്ചതാണ്. അന്യരുടെ ഭൂമിയില്‍ ക്ഷേത്രം പണിയുന്നത് ധാര്‍മികതയ്ക്ക് നിരക്കാത്തതും എല്ലാ മതങ്ങളുടെയും നിയമങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.