മുന്നാക്ക സംവരണ നീക്കം കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അടവുനയം: എസ്ഡിപിഐ
ന്യൂഡല്‍ഹി: മൂന്നാക്ക ജാതി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കം ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അടവ് നയമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. മുന്നാക്ക വിഭാഗങ്ങളാല്‍ നിയന്ത്രിക്കുന്ന രാഷട്രീയ പാര്‍ട്ടികള്‍ ഭരണഘടനാനുസൃതമായ സാമുദായിക സംവരണം അട്ടിമറിക്കാന്‍ നിരന്തരം ശ്രമിക്കുകയാണ്. അത് സംരക്ഷിക്കപ്പെടുകയാണ് ഇന്നത്തെ ആവശ്യമെന്നും ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സര്‍വീസില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണാനുകുല്യം നിഷേധിക്കാനുള്ള ഭരണഘടനാവിരുദ്ധ നീക്കങ്ങളാണ് നടക്കുന്നത്. സംവരണത്തിന്റെ പ്രഥമ താല്‍പ്പര്യമായ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ആനുപാതിക പ്രാതിനിധ്യം നാളിതുവരെ നടപ്പായിട്ടില്ല. വളരെ ആസൂത്രിതമായി ഇതു നിഷേധിക്കുകയും സംവരണം സര്‍ക്കാര്‍ സര്‍വീസുകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയുമായിരുന്നു. അതു പോലും പൂര്‍ണമായി നടപ്പാക്കാനായിട്ടില്ല. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണനേട്ടമായി വോട്ടര്‍മാരുടെ മുന്നില്‍ ഉയര്‍ത്തി കാട്ടാന്‍ കേന്ദ്രത്തിന്റെ കൈവശം ഒന്നുമില്ലെന്ന് പുതിയ നീക്കം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. അവര്‍ എല്ലാ അടവുകളും പുറത്തെടുക്കുകയാണ്. കേന്ദ്രഭരണം നിയന്ത്രിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ അടവ് നയങ്ങള്‍ രാജ്യത്തെ വോട്ടര്‍മാര്‍ ജാഗ്രതയോടെ നോക്കിക്കാണണമെന്നും ഫൈസി ആവശ്യപ്പെട്ടു.
കേന്ദ്രം മുന്നോട്ട്‌വയ്ക്കുന്ന പുതിയ സംവരണ നീക്കത്തിന്റെ ഗുണഭോക്താക്കള്‍ മുന്നാക്കക്കാരിലെ ധനികരുള്‍പ്പെടെയുള്ളവരാണ്. അതിനാണ് 8 ലക്ഷം വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷം മുന്നാക്കക്കാരും ഈ പരിധിയില്‍ പെടുത്താനാവും. ഇതിന്റെ ഗുണഫലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതു സമൂഹത്തിനെതിരായ മാസ്റ്റര്‍ സ്‌ട്രോക്ക് ആണിത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ഈ ബില്ല് രാജ്യസഭയില്‍ പാസാക്കാനാവില്ല. ഈ നിയമനിര്‍മാണം പ്രായോഗികമായി നടപ്പാവില്ലെന്നും ബിജെപി സവര്‍ണ പാര്‍ട്ടിയായി പരാജയത്തിലേക്ക് കൂപ്പ് കുത്താന്‍ ഈ നീക്കം വഴിയൊരുക്കുമെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.