തൊഴില്‍ നിയമങ്ങളില്‍ ഇളവ്: തൊഴിലാളികളുടെ അവകാശങ്ങളിന്മേലുള്ള കടന്നാക്രമണം- എസ്ഡിപിഐ

യുപിയിലാണ് ആദ്യമായി മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ചത്. തുടര്‍ന്ന് ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അത് ആവര്‍ത്തിച്ചു.

Update: 2020-05-13 09:00 GMT

ന്യൂഡല്‍ഹി: സാമ്പത്തിക രംഗം ഉദ്ധരിക്കാനെന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നല്‍കിയ തൊഴില്‍ നിയമങ്ങളിലെ ഇളവ് വികസനത്തിന്റെ നട്ടെല്ലായ തൊഴിലാളികളുടെ മൗലീകാവകാശങ്ങളുടെ മേലുള്ള കടന്നാക്രമണമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയെ പുനരുദ്ധരിക്കുന്നതിന് എല്ലാ രാജ്യങ്ങളും വിവിധ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയില്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ഭല വിഭാഗമായ തൊഴിലാളികളെ ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നത്.

യുപിയിലാണ് ആദ്യമായി മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ചത്. തുടര്‍ന്ന് ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അത് ആവര്‍ത്തിച്ചു. തൊഴിലാളികളുടെ തൊഴില്‍ സമയം, ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിന് മുമ്പ് നോട്ടീസ് നല്‍കുന്നതിനുള്ള സമയം സംബന്ധിച്ച വ്യവസായ തര്‍ക്ക നിയമം തുടങ്ങിയ നിയമങ്ങളില്‍ തൊഴിലുടമയ്ക്ക് ഇളവ് നല്‍കുന്നതാണ് പുതിയ നടപടികള്‍. ചില സംസ്ഥാനങ്ങള്‍ തൊഴില്‍ സമയം എട്ടു മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വര്‍ധിപ്പിച്ചു. പരിശോധന നടത്തുന്നതിനും ഇടപെടുന്നതിനുമുള്ള സര്‍ക്കാരിനുള്ള അധികാരം എടുത്തുമാറ്റി. തൊഴിലുടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും തൊഴിലാളിയെ നിയമിക്കാനും പിരിച്ചുവിടാനും അനുമതി നല്‍കുന്ന തൊഴില്‍ നിയമ ഇളവ് തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നു.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള പഴുതുകള്‍ നല്‍കുന്നതോടൊപ്പം പുതിയ ഫാക്ടറികള്‍ തുടങ്ങുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള ലൈസന്‍സ് നടപടികളില്‍ ഇളവ് നല്‍കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തും റായ്ഗറിലുമുണ്ടായ ഗ്യാസ് ചോര്‍ച്ചയും ദുരന്തവും ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ നിയമങ്ങളില്‍ ഇളവ് നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും തൊഴിലാളികളെ ബലിയാടാക്കുന്നത് ഒഴിവാക്കി സമ്പദ്ഘടനയുടെ പുനരുദ്ധാരണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു മാസമായി തൊഴില്‍ പോലും ലഭിക്കാത്തതുള്‍പ്പെടെ നിരവധി തീരാ ദുരിതങ്ങളാണ് തൊഴിലാളികള്‍ നേരിടുന്നതെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News