പാര്‍ലമെന്റിലെ ഒരുദ്യോഗസ്ഥന് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഏപ്രില്‍ മാസത്തില്‍ തൂപ്പുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം പാര്‍ലമെന്റില്‍ റിപോര്‍ട്ടുചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എഡിറ്റോറിയല്‍ ആന്റ് ട്രാന്‍സിലേഷന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. പാര്‍ലമെന്റ് അനക്‌സ് മന്ദിരത്തിലെ അഞ്ചാം നിലയിലുള്ള ഓഫിസില്‍ മെയ് 12 വരെ ഇയാള്‍ എത്തിയിരുന്നുവെന്നാണ് റിപോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ തൂപ്പുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം പാര്‍ലമെന്റില്‍ റിപോര്‍ട്ടുചെയ്യുന്ന രണ്ടാമത്തെ കേസാണിത്. വ്യാഴാഴ്ചയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട് പുറത്തുവരുന്നത്. ക്വാറന്റൈനില്‍ പോവുന്നതിനു തൊട്ടുമുമ്പുവരെ ഇയാള്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചിരുന്നുവെന്നത് ഏറെ ആശങ്കയുണര്‍ത്തുകയാണ്.
അഞ്ചാംനിലയില്‍ ധാരാളം പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നുവെന്നതിന് പുറമെ ഹൗസ് പാനല്‍ മീറ്റിങ്ങുകള്‍ക്കുള്ള മുറികളും ഇവിടെയുണ്ട്. അഞ്ചാംനില സീല്‍ ചെയ്യുകയും അണുനശീകരണം നടത്തുകയും ചെയ്തു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. 3,000 ഓളം ഉദ്യോഗസ്ഥരാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ ജോലിചെയ്തുവരുന്നത്. പ്രധാന പാര്‍ലമെന്റ് കെട്ടിടത്തില്‍നിന്ന് 100 മീറ്റര്‍ അകലെയാണ് അനെക്‌സ് കെട്ടിടം സ്ഥിതിചെയ്യുന്നത്.