കര്‍ണാടകയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സെല്‍ഫി അയക്കണം
ഏതെങ്കിലും ഒരു മണിക്കൂറില്‍ സെല്‍ഫി അയക്കാത്തവരെ മാസ് ക്വാറന്റൈനിലേക്ക് മാറ്റുമെന്നും കര്‍ണാടക മന്ത്രി കെ. സുധാകര്‍ മുന്നറിയിപ്പ് നല്‍കി.
ബംഗളൂരു: കൊവിഡ് 19 ല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണമെന്ന നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍.'ക്വാറന്റൈന്‍ വാച്ച്' എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പിലേക്കാണ് സെല്‍ഫി അയയ്‌ക്കേണ്ടത്. 'ക്വാറന്റൈന്‍ വാച്ച്' ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. രാവിലെ 7 മണിമുതല്‍ രാത്രി 10 മണി വരെയുള്ള സെല്‍ഫികളാണ് അയക്കേണ്ടത്.
ചിത്രങ്ങള്‍ അതാത് സമയം രേഖപ്പെടുത്തുമെന്നും അതുകൊണ്ട് ഓരോ മണിക്കൂറിലും കൃത്യമായി സെല്‍ഫി അയക്കണമെന്നുംആരോഗ്യവകുപ്പ് സെക്രട്ടറി ജാവേദ് അക്തര്‍ പറഞ്ഞു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവിടെ തന്നെയുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജി.പി.എസ് സംവിധാനം കൂടി ആപ്പില്‍ ഏര്‍പ്പെടുത്തിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമായി നിരീക്ഷിക്കാന്‍ സാധിക്കുമെന്നുമാണ് പറയുന്നത്. ഏതെങ്കിലും ഒരു മണിക്കൂറില്‍ സെല്‍ഫി അയക്കാത്തവരെ മാസ് ക്വാറന്റൈനിലേക്ക് മാറ്റുമെന്നും കര്‍ണാടക മന്ത്രി കെ. സുധാകര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷാ നടപടികള്‍ വേറെയുമുണ്ടെന്നാണ് റിപോര്‍ട്ട്. അതിനായി സെല്‍ഫികളുടെ ആധികാരികത പരിശോധിക്കാന്‍ ഫോട്ടോ വെരിഫിക്കേഷന്‍ ടീം ചുമതലപെടുത്തിട്ടുണ്ട്. നിലവില്‍ കര്‍ണാടകയില്‍ 83 കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.