വ്യക്തിഹത്യ പാടില്ല; സമൂഹമാധ്യമങ്ങളിലെ 'ട്രോളു'കള്‍ക്കെതിരേ സുപ്രിംകോടതി
രാജ്യത്തിന്റെ പരാമാധികാരവും വ്യക്തികളുടെ സ്വകാര്യതയും പ്രശസ്തിയും സന്തുലിതമായി പരിഗണിച്ചുകൊണ്ടുവേണം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം അപകടകരമായ നിലയിലെത്തിയെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെല്‍ വേണം. ഇതില്‍ സുപ്രിംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല.
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യക്തിഹത്യയും നടത്തുന്ന ട്രോളുകള്‍ക്കെതിരേ വിമര്‍ശനവുമായി സുപ്രിംകോടതി. സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളും ഇത്തരം പരാമര്‍ശങ്ങളും കൈകാര്യം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഭരണകൂടത്തിനു ഇത്തരം പരാമര്‍ശങ്ങളില്‍നിന്ന് രക്ഷനേടാനാവും.
എന്നാല്‍, വ്യക്തികള്‍ക്കു നുണപ്രചാരണങ്ങള്‍ക്കെതിരേ എന്തുചെയ്യാന്‍ കഴിയും. ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണം. രാജ്യത്തിന്റെ പരാമാധികാരവും വ്യക്തികളുടെ സ്വകാര്യതയും പ്രശസ്തിയും സന്തുലിതമായി പരിഗണിച്ചുകൊണ്ടുവേണം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം അപകടകരമായ നിലയിലെത്തിയെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെല്‍ വേണം. ഇതില്‍ സുപ്രിംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല.
നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും നിയമമുണ്ടാക്കേണ്ടതുമൊക്കെ കേന്ദ്രസര്‍ക്കാരാണ്. സാമൂഹികമാധ്യമങ്ങളിലെ ദുരുപയോഗം തടയുന്നതിന് സമയബന്ധിതമായി മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ചില സാമൂഹികമാധ്യങ്ങളിലെ സന്ദേശങ്ങളുടെയും ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെയും ഉറവിടം കണ്ടെത്താന്‍ കഴിയാത്തതില്‍ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. സമൂഹമാധ്യമങ്ങള്‍വഴി അപകീര്‍ത്തിക്ക് ഇരയാവുന്നവര്‍ എന്തുകൊണ്ടാണ് ഇതിന്റെ ഉറവിടം തേടിപ്പോവാത്തതെന്നും ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
ഒക്ടോബര്‍ 22ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. നേരത്തെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പൊതുതാല്‍പര്യ ഹരജികളാണ് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ളത്. ഇവയെല്ലാം സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന് ഫെയ്‌സ്ബുക്ക് ഹരജി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ടെങ്കില്‍ എത്രയുംവേഗം അറിയിക്കണമെന്ന് ഈമാസം 13ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.