കൊവിഡ് പ്രതിസന്ധി: ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ടിസിഎസ്; ഈവര്‍ഷത്തെ ശമ്പളവര്‍ധന മരവിപ്പിച്ചു
കാംപസ് റിക്രൂട്ട്‌മെന്റുകള്‍ തടസ്സപ്പെടുകയോ ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുകയോ ചെയ്യില്ല. എന്നാല്‍, ഈ വര്‍ഷം ശമ്പള വര്‍ധന നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ടിസിഎസ് അറിയിച്ചു.
മുംബൈ: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഏറ്റവും വലിയ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. കമ്പനിയുടെ 4.5 ലക്ഷം വരുന്ന ജീവനക്കാരെ പിരിച്ചുവിടില്ലെന്നും ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കാംപസ് റിക്രൂട്ട്‌മെന്റുകള്‍ തടസ്സപ്പെടുകയോ ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുകയോ ചെയ്യില്ല. എന്നാല്‍, ഈ വര്‍ഷം ശമ്പള വര്‍ധന നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ടിസിഎസ് അറിയിച്ചു.
40,000 പേര്‍ക്കാണ് കമ്പനിയിലേക്ക് പുതുതായി ഓഫറുകള്‍ ലഭിച്ചിരിക്കുന്നത്. അതില്‍ മാറ്റമുണ്ടാവില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മാര്‍ച്ച് ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. എന്നാല്‍, കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വരുമാനത്തില്‍ ഇടിവുണ്ടായി. കമ്പനി നല്‍കിയ എല്ലാ ഓഫറുകളും പാലിക്കുമെന്നും പിരിച്ചുവിടലുണ്ടാവില്ലെന്നും ടിസിഎസ് എംഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ടിസിഎസ്സിന് നിലവില്‍ ഇന്ത്യയില്‍ 3.55 ലക്ഷം ജോലിക്കാരാണുള്ളതെന്നും അവരില്‍ 90 ശതമാനം പേരും ജോലിസ്ഥലങ്ങളില്‍ സുരക്ഷിതരാ ണെന്നും കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ആരംഭിച്ചശേഷം കമ്പനിയുടെ ഉല്‍പാദനക്ഷമതയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.