അസം വോട്ടര്‍ പട്ടിക: 28നകം റിപോര്‍ട്ട് നല്‍കണമെന്ന് സുപ്രിംകോടതി
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്
ന്യൂഡല്‍ഹി: അസമിലെ വോട്ടര്‍ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും സംബന്ധിച്ച് ഈ മാസം 28നകം റിപോര്‍ട്ട് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതിയുടെ നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. പൗരത്വ ലിസ്റ്റില്‍ പേരുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേര് വെട്ടുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കരട് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ലക്ഷക്കണക്കിന് ആളുകള്‍ക്ക് അസമില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. 2018 ജനുവരി ഒന്നുമുതല്‍ 2019 ജനുവരി ഒന്നുവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തവരുടെയും ഉള്‍പ്പെടുത്തിയവരുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വപട്ടികയുടെ അടിസ്ഥാനത്തില്‍ ആരുടെയും പേര് നീക്കം ചെയ്യുകയോ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ് വാദിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരജി നല്‍കിയത്. ഹരജിക്കാരന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് ഇത് രേഖാമൂലം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് 28ന് വീണ്ടും പരിഗണിക്കും.