'സില്ലി' എന്ന വാക്ക് അണ്‍പാര്‍ലമെന്ററിയെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍

രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രിയുടെ കുടുബത്തെ ലക്ഷ്യമിട്ട് മാത്രമാണ് ഭേഭഗതി ബില്‍ അവതരിപ്പിക്കുന്നതെന്നും കെ കെ രാഗേഷ് എംപി പറഞ്ഞു.

Update: 2019-12-03 15:25 GMT
സില്ലി എന്ന വാക്ക് അണ്‍പാര്‍ലമെന്ററിയെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: എസ്പിജി സംരക്ഷണം പിന്‍വലിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ബില്ലിലെ വാദങ്ങള്‍ സില്ലിയാണെന്ന കെ കെ രാഗേഷ് എംപിയുടെ പ്രയോഗം അണ്‍ പാര്‍ലമെന്ററിയാണെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്. ഭരണ പക്ഷത്തിന്റെ എതിര്‍പ്പിനെ തടര്‍ന്ന് സില്ലിയെ സഭാ രേഖകളില്‍ നിന്ന് മാറ്റുകയും ചെയ്തു.

മുന്‍ പ്രധാനമന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് എസ്പിജി സംരക്ഷണം ഒഴിവാകുന്ന നിയമ ഭേദഗതി രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെയാണ് രാഗേഷ് സില്ലി എന്ന പദം ഉപയോഗിച്ചത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രിയുടെ കുടുബത്തെ ലക്ഷ്യമിട്ട് മാത്രമാണ് ഭേഭഗതി ബില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അമിത് ഷാക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സോണിയ കുടുബം എസ്പിജി സംരക്ഷണം ലംഘിച്ചു എന്നാണ് ആരോപണം. എന്നാല്‍, പ്രധാനമന്തി മോദി എത്ര തവണ എസ്പിജി സുരക്ഷ ലംഘിച്ചു എന്ന കാര്യവും അമിത് ഷാ വ്യക്തമാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. ഇത്തരം സില്ലിയായ വാദങ്ങള്‍ നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രി ബില്ല് അവതരിപ്പിക്കരുതെന്നായിരുന്നു രാഗേഷ് സഭയില്‍ പറഞ്ഞത്. ഈ പ്രയോഗമാണ് ഭരണ പക്ഷത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഭരണ പക്ഷം ബഹളം വെച്ചതോടെ സില്ലിയെ രേഖയില്‍ നിന്ന് മാറ്റുന്നതായി ഉപാദ്ധ്യക്ഷന്‍ സഭയെ അറിയിച്ചു.




Tags:    

Similar News