പ്രക്ഷോഭം കരുത്താര്‍ജിക്കുന്നു; നാസിക്കില്‍നിന്ന് മുംബൈയിലേക്ക് കര്‍ഷക മാര്‍ച്ച്, ആയിരങ്ങള്‍ അണിനിരക്കുന്നു

180 കിലോമീറ്റര്‍ ദൂരമാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകരുടെ റാലി. ആയിരക്കണക്കിന് കര്‍ഷകര്‍ കൊടികളും ബാനറുകളുമായി കടല്‍പോലെ റോഡ് നിറഞ്ഞുകവിഞ്ഞ് മാര്‍ച്ച് ചെയ്തുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Update: 2021-01-24 10:17 GMT

മുംബൈ: കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് മുംബൈയിലേയ്ക്ക് ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ആരംഭിച്ചു. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ ശനിയാഴ്ച നാസിക്കില്‍ സമ്മേളിക്കുകയും മുംബൈയിലേയ്ക്ക് മാര്‍ച്ച് ആരംഭിക്കുകയുമായിരുന്നു. 180 കിലോമീറ്റര്‍ ദൂരമാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകരുടെ റാലി. ആയിരക്കണക്കിന് കര്‍ഷകര്‍ കൊടികളും ബാനറുകളുമായി കടല്‍പോലെ റോഡ് നിറഞ്ഞുകവിഞ്ഞ് മാര്‍ച്ച് ചെയ്തുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടുനഗരങ്ങള്‍ക്കുമിടയിലുള്ള 180 കിലോമീറ്റര്‍ ദൂരം വാഹനത്തിലും കാല്‍നടയായുമാണ് കര്‍ഷകര്‍ സഞ്ചരിക്കുന്നത്.

ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ സംസ്ഥാന തലസ്ഥാനമായ മുംബൈയിലെത്തിച്ചേരും. തുടര്‍ന്ന് കര്‍ഷകര്‍ തിങ്കളാഴ്ച ആസാദ് മൈതാനിയില്‍ സമ്മേളിക്കും. ഭരണകക്ഷിയായ മഹാവികാസ് അഘാഡി സര്‍ക്കാരില്‍ അംഗമായ എന്‍സിപി നേതാവ് ശരദ് പവാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യും. റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന വലിയ ട്രാക്ടര്‍ റാലിയുടെ മുന്നോടിയായാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ റാലി നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിലും റാലികളും മാര്‍ച്ചുകളും നടക്കുന്നുണ്ട്.

ലുധിയാനയില്‍ ഞായറാഴ്ച നടന്ന ട്രാക്ടര്‍ റാലിയില്‍ നൂറുകണക്കിന് ട്രാക്ടറുകള്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ശരത് പവാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരുടെ വികാരങ്ങള്‍ മനസ്സിലാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടായില്ല എങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പവാര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസവും സമാനമായ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, കര്‍ഷകരുടെ ക്ഷമ കേന്ദ്രം പരീക്ഷിക്കരുതെന്നും പറഞ്ഞിരുന്നു.

റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ നഗരം ചുറ്റി നടക്കുന്ന റാലിയില്‍ ആയിരത്തിലധികം ട്രാക്ടറുകള്‍ പങ്കെടുക്കും. ഡല്‍ഹി നഗരാതിര്‍ത്തിയിലായിരിക്കും റാലി നടക്കുക. ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലിസിന്റെ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുവാദം നല്‍കിയിട്ടില്ലെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. റൂട്ടിന്റെ രേഖാമൂലമുള്ള വിവരങ്ങള്‍ പോലിസുകാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ എന്‍ഡിടിവിയോട് പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ ഇതിലൊരു തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കര്‍ഷകരുമായി 11 തവണ കേന്ദ്രം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. കേന്ദ്രം ട്രാക്ടര്‍ റാലിക്ക് എതിരുമാണ്. ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നാണ് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്. റാലി നടത്തുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം സുപ്രിംകോടതി പോലിസിന് വിട്ടുകൊടുക്കുകയായിരുന്നു. അതേസമയം, സ്വത്തുവകകള്‍ നശിപ്പിക്കുകയോ ജീവന്‍ അപകടപ്പെടുത്തുകയോ ചെയ്യാത്തിടത്തോളം സമാധാനപരമായ പ്രതിഷേധം നടത്താനുള്ള കര്‍ഷകരുടെ അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News