തമിഴ്‌നാട്ടില്‍ ഡാമില്‍ കുളിക്കുന്നതിനിടെ അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാമില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ധരുണ്‍, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്.
ചെന്നൈ സ്വദേശികളാണ് മൂവരും. പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറയിലേക്ക് പോകുന്ന ഭാഗത്താണ് ആളിയാര്‍ ഡാം. സുഹൃത്തുക്കള്‍ക്ക് ഒപ്പം ഡാം പരിസരത്ത് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ശ്രമിച്ചതോടെ ഇവരും അപകടത്തില്‍പ്പെടുകയുമായിരുന്നെന്നാണ് വിവരം.