മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്: ചൈനീസ് പൗരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍കൂടി മുംബൈയില്‍ അറസ്റ്റില്‍
കോടികളുടെ തട്ടിപ്പ് നടത്തിയ നാല് ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 31 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തിരിക്കുന്നത്. തെലങ്കാനയില്‍ തട്ടിപ്പിനിരയായ വ്യക്തിയുടെ അക്കൗണ്ടില്‍ ആവശ്യപ്പെടാതെ ഇവര്‍ പണം നല്‍കുകയും മുതലിന്റെ ഇരട്ടി അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.
മുംബൈ: മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ നല്‍കുന്നുവെന്ന രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേരെക്കൂടി മുംബൈയില്‍ പോലിസ് അറസ്റ്റുചെയ്തു. ഇതുസംബന്ധിച്ച് തെലങ്കാന പോലിസ് നടത്തിവന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഒരു ചൈനീസ് പൗരനും ഒരു ഇന്ത്യന്‍ പൗരനുമാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെലങ്കാന പോലിസ് ഹെ ഷിയാന്‍ മാര്‍ക്ക് (26), വിവേക് കുമാര്‍ എന്നിവരെ അറസ്റ്റുചെയ്തത്.
ഉയര്‍ന്ന പലിശനിരക്കില്‍ കുറഞ്ഞ തുക വായ്പ നല്‍കുകയും തിരിച്ചടയ്ക്കാത്തവരെ ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ഇത്തരത്തില്‍ വായ്പ നല്‍കുന്ന കമ്പനികളുടെ രീതി. കോടികളുടെ തട്ടിപ്പ് നടത്തിയ നാല് ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 31 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തിരിക്കുന്നത്. തെലങ്കാനയില്‍ തട്ടിപ്പിനിരയായ വ്യക്തിയുടെ അക്കൗണ്ടില്‍ ആവശ്യപ്പെടാതെ ഇവര്‍ പണം നല്‍കുകയും മുതലിന്റെ ഇരട്ടി അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. 28 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് പോലിസ് മരവിപ്പിച്ചിട്ടുണ്ട്.
ചൈനീസ് പാസ്‌പോര്‍ട്ട്, ചൈനയില്‍ നല്‍കിയ സിഐടിസി ബാങ്ക് ഡെബിറ്റ് കാര്‍ഡ്, മൂന്ന് സ്റ്റാമ്പുകള്‍, നാല് ലാപ്‌ടോപ്പുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ഐപാഡ്, ഒരു മിനി ആപ്പിള്‍ സിപിയു, വൈ ഫൈ മോഡം എന്നിവയും കണ്ടെടുത്തു. പൂനെയില്‍നിന്ന് ഒരു ചൈനീസ് യുവതി ഉള്‍പ്പെടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റുചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷിയാന്‍ മാര്‍ക്കിനെ പോലിസ് പിടികൂടുന്നത്. ബിസിനസ് വിസയിലാണ് ഷിയാന്‍ 2019 ജൂലൈയില്‍ ഇന്ത്യയിലെത്തിയത്. ബാക്കിയുള്ള പ്രതികള്‍ക്കായി പോലിസ് അന്വേഷണം നടത്തിവരികയാണ്.