യുപിയില്‍ ഉവൈസി ഉറച്ച് തന്നെ; രണ്ട് പാര്‍ട്ടികളുമായി സഖ്യം, 2 മുഖ്യമന്ത്രി, 3 ഉപമുഖ്യമന്ത്രിമാര്‍; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ബാബു സിങ് കുശ്‌വാഹയുടെ ജന അധികാര്‍ പാര്‍ട്ടി, ഭാരത് മുക്തി മോര്‍ച്ച എന്നിവയുമായിട്ടാണ് ഉവൈസി കൈകോര്‍ത്തിരിക്കുന്നത്. അധികാരത്തിലേറിയാല്‍ ഒബിസി, ദലിത് വിഭാഗങ്ങളില്‍നിന്നായി രണ്ടു മുഖ്യമന്ത്രിമാരുണ്ടാകുമെന്ന പ്രഖ്യാപനമാണ് ഉവൈസി നടത്തിയത്.

Update: 2022-01-22 12:22 GMT

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരകള്‍ ആവാനുള്ള ഒരുക്കത്തിലാണ് എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഒബിസി, ദലിത് സമുദായ പാര്‍ട്ടികളുമായി കൈകോര്‍ത്ത് യുപിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാമെന്ന കണക്ക്കൂട്ടലിലാണ് അദ്ദേഹം. സഖ്യം അധികാരത്തിലെത്തിയാല്‍ രണ്ട് മുഖ്യമന്ത്രി, മൂന്ന് ഉപമുഖ്യമന്ത്രി ഫോര്‍മുലയാണ് അദ്ദേഹം ലഖ്‌നൗവില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വച്ചിട്ടുള്ളത്.

എസ്ബിഎസ്പിയുമായി സഖ്യത്തിനുള്ള ശ്രമം അഖിലേഷ് പാലംവലിച്ചതോടെ പരാജയപ്പെട്ടതോടെയാണ് മറ്റൊരു സഖ്യത്തിന് ഉവൈസി രൂപം കൊടുത്തിരിക്കുന്നത്. ബിഹാറിലേതു പോലെ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം.

ബാബു സിങ് കുശ്‌വാഹയുടെ ജന അധികാര്‍ പാര്‍ട്ടി, ഭാരത് മുക്തി മോര്‍ച്ച എന്നിവയുമായിട്ടാണ് ഉവൈസി കൈകോര്‍ത്തിരിക്കുന്നത്. അധികാരത്തിലേറിയാല്‍ ഒബിസി, ദലിത് വിഭാഗങ്ങളില്‍നിന്നായി രണ്ടു മുഖ്യമന്ത്രിമാരുണ്ടാകുമെന്ന പ്രഖ്യാപനമാണ് ഉവൈസി നടത്തിയത്. മുസ്‌ലിം സമുദായത്തില്‍നിന്നുള്‍പ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാരെയും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ പാര്‍ട്ടികളും കാലങ്ങളായി ദലിതുകളേയും മുസ്‌ലിംകളേയും അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദലിത് പിന്നാക്ക മുസ്‌ലിം ഐക്യമാണ് സംസ്ഥാനത്ത് വേണ്ടതെന്ന് ഉവൈസി വാദിക്കുന്നു.

എന്നാല്‍, ഉവൈസിയുടെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. നേരത്തെ ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പിയുമായി സഖ്യം പ്രഖ്യാപിച്ചിരുന്നു ഉവൈസി. എന്നാല്‍ രാജ്ഭര്‍ ഈ സഖ്യം വിടുകയും അഖിലേഷ് യാദവിനൊപ്പം ചേരുകയുമാണുണ്ടായത്. രാജ്ഭര്‍ സമുദായത്തിന് കിഴക്കന്‍ യുപിയില്‍ നിര്‍ണായകമായ വോട്ട് ബാങ്കുണ്ട്. ഇതില്‍ കണ്ണുവച്ചാണ്

അഖിലേഷ് എസ്ബിഎസ്പിയെ കൂടെകൂട്ടിയിരിക്കുന്നത്. ഉവൈസിയെ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സഖ്യത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് എസ്ബിഎസ്പി നേതാക്കള്‍ പറഞ്ഞെങ്കിലും അഖിലേഷ് മൗനം പാലിക്കുകയായിരുന്നു. ഉവൈസിയെ കൂടെ ചേര്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് അഖിലേഷിന്റെ നിലപാട്. ബിജെപി ഇത് പ്രചാരണ ആയുധമാക്കുമെന്ന് അഖിലേഷ് ഭയന്നു. മാത്രമല്ല, ഉവൈസി കൂടെയില്ലെങ്കിലും മുസ്ലിം വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ്.

ഉത്തര്‍ പ്രദേശില്‍ 100 സീറ്റില്‍ മല്‍സരിക്കാനാണ് ഉവൈസിയുടെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുമായി നിരന്തരം സംവദിക്കുകയാണ്. മല്‍സരിക്കേണ്ട മണ്ഡലങ്ങള്‍ തീരുമാനിച്ചു. സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായെന്നും ഉവൈസി സൂചിപ്പിച്ചു.

Tags:    

Similar News