ഹരിരാംപൂര്‍: ബന്ധുക്കളില്ലാതിരുന്ന ഹിന്ദു വൃദ്ധന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത് മുസ്‌ലിം കുടുംബം. വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെയും മറ്റും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശില്‍ നിന്നു തന്നെയാണ് മതസൗഹാര്‍ദത്തിന്റെ പുതിയ വാര്‍ത്തയും.
മൊറാരിലാല്‍ ശ്രീവാസ്തവ(65) എന്ന ഹിന്ദു വൃദ്ധന്റെ മരണാനന്തര ചടങ്ങുകളാണ് മുസ്‌ലിം കുടുംബം നടത്തിയത്. ഇര്‍ഫാന്‍ മുഹമ്മദ് ഖാന്‍, ഫരീദ് ഖാന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു മൊറാരിലാല്‍ ശ്രീവാസ്തവ. കൃഷിയിടത്തിലെ ജോലിക്കിടെ വിഷം തീണ്ടിയതിനെ തുടര്‍ന്നു ജൂണ്‍ 13നാണ് ശ്രീവാസ്തവ മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കളാരുമില്ലാതിരുന്ന ശ്രീവാസ്തവയുടെ മൃതശരീരം ഖാന്‍ കുടുംബം ഏറ്റുവാങ്ങി സംസ്‌കരിച്ചു.
മരണത്തിന്റെ 13ാം ദിവസം പ്രദേശത്തെ ഹിന്ദുക്കള്‍ നടത്തുന്ന ചടങ്ങുകള്‍ നടത്തേണ്ടതിന്റെ ആവശ്യകത നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതോടെ ഖാന്‍ കുടുംബം ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ഗ്രാമവാസികളെ വിളിച്ചു വരുത്തി ചടങ്ങുകള്‍ സംഘടിപ്പിക്കുകയുമായിരുന്നു. ഖാന്‍ കുടുംബത്തിന്റെ കൃഷിയിടത്തിലെ മറ്റു ജീവനക്കാരും സജീവമായി രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി തങ്ങളുടെ കൃഷിയിടം നോക്കി നടത്തുന്ന ശ്രീവാസ്തവ തങ്ങളുടെ കുടുംബത്തിലൊരംഗം തന്നെയാണെന്നു ഇര്‍ഫാന്‍ മുഹമ്മദ് ഖാന്‍ പറഞ്ഞു. ഹിന്ദു പൂജാരിമാരെ ഉള്‍പെടുത്തി തന്നെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നും 1000 ലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.