ഇറാഖിലെ യുഎസ് ആക്രമണം: അസംസ്‌കൃത എണ്ണവില വര്‍ധിച്ചു

ബ്രാന്റ് ക്രൂഡ് ഓയില്‍ വില മൂന്നുഡോളര്‍ വര്‍ധിച്ച് 69.16 ഡോളറായി. 22019 സപ്തംബര്‍ 17നുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും കൂടുന്നത്.

Update: 2020-01-03 06:39 GMT

ന്യൂഡല്‍ഹി: ഇറാഖില്‍ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചു. ബ്രാന്റ് ക്രൂഡ് ഓയില്‍ വില മൂന്നുഡോളര്‍ വര്‍ധിച്ച് 69.16 ഡോളറായി. 22019 സപ്തംബര്‍ 17നുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും കൂടുന്നത്. ആഗോളവിപണിയിലെ വിലവര്‍ധനയ്ക്ക് ആനുപാതികമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഭ്യന്തര വിപണിയിലും വില കുത്തനെ കൂടാനാണ് സാധ്യത. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇതിനകം വില വര്‍ധിപ്പിച്ചു. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വിലപ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 75.35 രൂപയായി. ഡീസലിനാവട്ടെ 68.25 രൂപയുമാണ്. മുംബൈയില്‍ 80.94 രൂപയാണ് പെട്രോളിന്.

ഡീസലിന് 71.56 രൂപയും. ബംഗളൂരുവില്‍ യഥാക്രമം 77.87 രൂപയും 70.52 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 78.28 രൂപയും ഡീസലിന് 72.12 രൂപയുമാണ് ഇന്നത്തെ വില. ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തില്‍ കുറവുണ്ടായി. പെട്രോളിന് ചെറിയതോതില്‍ വിലകൂടിയപ്പോള്‍ ഡീസലിന് രണ്ടുരൂപയിലധികമാണ് വര്‍ധിച്ചത്. വരുംദിവസങ്ങളിലും ക്രൂഡ് ഓയില്‍ വില ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ മേഖലയില്‍നിന്നാണ്. ഇവിടെ യുദ്ധസമാന സാഹചര്യമുണ്ടാവുന്നത് ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ കാര്യമായി സ്വാധീനിക്കും. 

Tags:    

Similar News