കൊവിഡ്: ഉത്തര്‍പ്രദേശില്‍ ജൂലൈ 31 വരെ വാരാന്ത്യങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മാര്‍ക്കറ്റുകളും ഓഫിസുകളും അടച്ചിടും
ജൂലൈയിലെ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വീസ് മാത്രമാവും അനുവദിക്കുക.
ലഖ്‌നോ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ജൂലൈ 31 വരെ എല്ലാ വാരാന്ത്യങ്ങളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈയിലെ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഓഫിസുകളും അടച്ചിടും. അവശ്യസര്‍വീസ് മാത്രമാവും അനുവദിക്കുക. ബാങ്കുകള്‍ പ്രവര്‍ത്തിക്കാനും അനുമതിയുണ്ടെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.
'കൊറോണ വൈറസ് മാനേജ്മെന്റ് ടീം-11' ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. സംസ്ഥാനത്തെ നഗര- ഗ്രാമപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തിലാവും. ആളുകള്‍ അനാവശ്യമായി ഇറങ്ങിനടക്കുന്നതുമൂലമുണ്ടാവുന്ന വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. എന്നാല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ലോക്ക്ഡൗണ്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
തിങ്കള്‍ മുതല്‍ വെള്ളിവരെ വിപണികള്‍ തുറക്കുന്നതിന് തടസ്സമില്ല. വാരാന്ത്യങ്ങളില്‍ ശുചിത്വപ്രക്രിയ നടക്കേണ്ടതിനാലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കേറിയ പ്രദേശങ്ങളില്‍ കര്‍ശനപരിശോധനയുണ്ടാവും. കൊവിഡ് പരിശോധന ഓരോ ദിവസവും 50,000 ടെസ്റ്റുകളായി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.