ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത ട്വീറ്റ്; ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡെറാഡൂണ്‍: കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഹരീഷ് റാവത്തിനെ മുസ്‌ലിം പണ്ഡിതനായി ചിത്രീകരിച്ചാണ് ചിത്രം ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഫെബ്രുവരി മൂന്നിന് രാത്രി 9.34നാണ് മോര്‍ഫ് ചെയ്ത ചിത്രം ഉത്തരാഖണ്ഡ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്.
ഹരീഷ് റാവത്തിനെ ഒരു പ്രത്യേക സമുദായത്തിന്റെ പ്രതിനിധിയായി തെറ്റായി ചിത്രീകരിക്കുന്നതാണ് ചിത്രമെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും വിഷയം പ്രകോപനപരവും ഗൗരവതരവുമാണ്. വികാരങ്ങള്‍ ഇളക്കിവിട്ട് ക്രമസമാധാന തകര്‍ച്ചയുണ്ടാക്കാനും അതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രതികൂലമായി ബാധിക്കാനും ഇത് ഇടയാക്കും. അതുകൊണ്ട് ഉത്തരാഖണ്ഡ് ബിജെപി നേതൃത്വത്തിന് നിലപാട് വിശദീകരിക്കാന്‍ ഒരു അവസരം നല്‍കുകയാണെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ വന്നാല്‍ കമ്മീഷന്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ബിജെപിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും സുര്‍ജേവാല ആരോപിച്ചു.
വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ബിജെപിക്കെതിരേ എത്രയും വേഗത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഹരീഷ് റാവത്ത്, ദേവേന്ദ്ര യാദവ്, ഗണേഷ് ഗോഡിയാല്‍ എന്നിവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ ബിജെപി ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.