ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചവരെ 36.02 ശതമാനം പോളിങ്

Update: 2021-04-17 07:28 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെയുള്ള കണക്കുകള്‍പ്രകാരം 36.02 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറ് ജില്ലകളിലെ 45 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പുര്‍ബ ബാര്‍ധമാന്‍ ജില്ലയിലെ ജമാല്‍പൂര്‍ നിയോജകമണ്ഡലത്തിലാണ് രാവിലെ 11:30 വരെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ 44.21 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കാമര്‍ഹട്ടി നിയോജകമണ്ഡലത്തില്‍ 19 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറുകളില്‍ നല്ല പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 5.6 ശതമാനമായിരുന്നു ആദ്യമണിക്കൂറിലെ പോളിങ്.

അതേസമയം, പശ്ചിമബംഗാളിലെ നാദിയ, 24 നോര്‍ത്ത് പര്‍ഗാനാസ് എന്നീ ജില്ലകളില്‍ അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. നാലാംഘട്ട തിരഞ്ഞെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിവെപ്പില്‍ കൂഛ്ബിഹാറില്‍ നാല് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലിസ് കമ്മീഷണര്‍ അജോയ് നന്ദ നോര്‍ത്ത് 24 പരാഗന ജില്ലയിലെ കാമര്‍ഹതി നിയമസഭാ മണ്ഡലത്തിലെ വിവിധ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഞങ്ങള്‍ ഉറപ്പാക്കും- നന്ദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് കേന്ദ്രസേനയുടെ 1,071 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നത്. ഡാര്‍ജിലിങ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കന്‍ ബര്‍ദ്ധമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ആറുജില്ലകളിലെ മണ്ഡലങ്ങളാണ് പോളിങഗ് ബൂത്തിലേക്ക് പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഈ മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ തൃണമൂലിന് ഈ ഘട്ടം പ്രധാനമാണ്. പ്രചാരണ സമയം രാവിലെ പത്തു മുതല്‍ വൈകീട്ട് ഏഴുവരെയാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചിട്ടുണ്ട്. അഞ്ചാം ഘട്ടത്തില്‍ 39 സ്ത്രീകളടക്കം 319 പേരാണ് മല്‍സരരംഗത്തുള്ളത്.

Tags:    

Similar News