ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്‌റംഗ് പൂനിയ അടക്കമുള്ളവര്‍ അറസ്റ്റില്‍

Update: 2023-05-28 10:51 GMT

ഡല്‍ഹി: വനിതാ താരങ്ങളെ പീഡിപ്പിച്ച ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പോലിസ് വാഹനത്തില്‍ കയറാതെ താരങ്ങള്‍ പ്രതിഷേധിച്ചു. ബജ്‌റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പോലിസുകാര്‍ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡില്‍ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ പോലിസിന്റെ ശ്രമം താരങ്ങള്‍ ശക്തമായി തടഞ്ഞെങ്കിലും ഒടുവില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തു.

ജന്തര്‍ മന്ദിറില്‍ നിന്ന് പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങള്‍ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ഡല്‍ഹി അതിര്‍ത്തികളില്‍ പോലിസ് തടഞ്ഞിരുന്നു. രാവിലെ മുതല്‍ ഡല്‍ഹി നഗരത്തില്‍ കനത്ത പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് സമരം മുന്നോട്ട് പോയത്. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് ഗുസ്തി താരങ്ങള്‍ മുന്നോട്ട് പോയത്. വലിയ പൊലീസ് നിര ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും മറികടന്ന് താരങ്ങള്‍ ദേശീയ പതാകയുമേന്തി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ദില്ലിയില്‍ ഈ മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.






Tags:    

Similar News