മുംബൈ: മരണത്തെ മുഖാമുഖം കണ്ട സമയത്ത് പിതാവിനെ രക്ഷപ്പെടുത്താന്‍ തന്റെ ജീവന്‍ സമര്‍പിച്ച യുവാവിന്റെ പിതൃസ്‌നേഹത്തെ വാഴ്ത്തുകയാണ് മുംബൈ നിവാസികള്‍. കഴിഞ്ഞ ദിവസം ആറു പേര്‍ മരിക്കുകയും 31 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത പാലം തകര്‍ന്ന സമയത്തായിരുന്നു സംഭവം. ചത്രപതി ശിവാജി മഹാരാജാ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹിമാലയ പാലമാണ് തകര്‍ന്നു വീണത്. പിതാവ് സിറാജുമൊത്തു ബെല്‍റ്റ് വാങ്ങാനിറങ്ങിയതായിരുന്നു ഗോരക്പൂര്‍ സ്വദേശിയും 32കാരനുമായ സാഹിദ് ഖാന്‍. ഇരുവരും പാലത്തിനു താഴെ എത്തിയതോടെയായിരുന്നു അപകടം. തകര്‍ന്നു വീഴുന്ന പാലത്തിന്റെ സ്ലാബ് ഇരുവരുടെയും തലയില്‍ പതിക്കുമെന്നുറപ്പായതോടെ തന്റെ ബാപ്പയെ തള്ളി മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു സാഹിദ് ഖാനെന്നു സംഭവത്തിനു ദൃക്‌സാക്ഷിയായ മഖ്‌സൂദ് ഖാന്‍ പറഞ്ഞു. പിതാവ് പുറത്തേക്കു തെറിച്ചുവീഴുകയും സ്ലാബ് സാഹിദ് ഖാന്റെ തലയില്‍ പതിക്കുകയുമായിരുന്നു. സ്വയം രക്ഷപ്പെടാനവസരമുണ്ടായിട്ടും ബാപ്പയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് സാഹിദ് ഖാന് ജീവന്‍ നഷ്ടപ്പെട്ടതെന്നും മഖ്‌സൂദ് ഖാന്‍ പറഞ്ഞു. രക്ഷിതാക്കളോടൊത്ത് കഴിയുന്ന സാഹിദ് ഖാന് ഭാര്യയും രണ്ടു പെണ്‍മക്കളും അനിയനുമാണുള്ളത്. ഒരു മകള്‍ക്ക് ആറുവയസ്സും ഇളയവള്‍ക്കു എട്ടുമാസവുമാണ് പ്രായം.