ഡോ. വി.എസ് വിജയന്‍ / കെ.എന്‍ നവാസ് അലി
2011 ആഗസ്ത് 31നാണ് പ്രഫ. മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനല്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ കണ്ട് ഏറെ പഠനങ്ങളും ചര്‍ച്ചകളും നടത്തിയ ശേഷമാണ് ഈ റിപോര്‍ട്ടിനു രൂപം നല്‍കിയത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടു ലഭ്യമായ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുക, പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല തിരിച്ചറിയുന്നതിന് ആധാരമാക്കാവുന്ന ബഹുമുഖ മാനദണ്ഡങ്ങളടങ്ങിയ സമഗ്രമായ ജിയോ സ്‌പേഷ്യല്‍ വിവര അടിത്തറ ഉണ്ടാക്കുക, പശ്ചിമഘട്ടവുമായി നേരിട്ട് ബന്ധപ്പെടുന്ന ജനങ്ങള്‍, വാര്‍ഡ് അംഗം മുതല്‍ എം.പിമാര്‍ വരെ ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ എന്നിവരെയെല്ലാം നേരില്‍ കണ്ടു ചര്‍ച്ച നടത്തി വിവരം ശേഖരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് സമിതി ഒന്നരവര്‍ഷം കൊണ്ട് റിപോര്‍ട്ട് തയ്യാറാക്കിയത്.
റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേരളത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത എതിര്‍പ്പാണ് നേരിടേണ്ടിവന്നത്. സമിതിയുടെ ചര്‍ച്ചകളിലും വിവരശേഖരണത്തിലും സജീവമായി സഹകരിച്ച കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വലിയ ഒരു ജനവിഭാഗത്തെ വസ്തുതാവിരുദ്ധ കാര്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമുണ്ടായി. ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കിയാല്‍ മലയോര മേഖലയില്‍ കൃഷി ചെയ്യാനാവില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം തടയുമെന്നും തുടങ്ങിയ തെറ്റായ വിവരങ്ങളാണ് ജനങ്ങളിലെത്തിയത്. ഇതിന്റെ ഫലമായി പലയിടങ്ങളിലും അക്രമമുണ്ടായി. ചില ക്രിസ്തീയ സഭാ പുരോഹിതര്‍ ജനങ്ങളെ ഇളക്കിവിടുന്നതിനു മുന്നിലുണ്ടായിരുന്നു. ഫോറസ്റ്റ് ഓഫിസ് തീവച്ചു നശിപ്പിക്കുന്നതു വരെ കാര്യങ്ങളെത്തി. ഇതിന്റെയെല്ലാം ഫലമായി വോട്ടുബാങ്ക് മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കുന്നതില്‍നിന്നു പിന്‍വലിഞ്ഞു.
യഥാര്‍ഥത്തില്‍ ഗാഡ്ഗില്‍ കമ്മീഷന്‍ റിപോര്‍ട്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ടത് എല്ലാ വിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമാവണമെന്നാണ് റിപോര്‍ട്ടില്‍തന്നെ പറഞ്ഞിട്ടുള്ളത്. പശ്ചിമഘട്ടവുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രദേശങ്ങളിലെ വാര്‍ഡ് സഭകളില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതൊന്നും നടപ്പായില്ലെന്നു മാത്രമല്ല എന്താണ് ഗാഡ്ഗില്‍ കമ്മീഷന്‍ റിപോര്‍ട്ട് എന്നുപോലും ജനങ്ങളെ അറിയിച്ചില്ല. ഇംഗ്ലീഷിലുള്ള റിപോര്‍ട്ട് മലയാളത്തിലേക്കു തര്‍ജമ ചെയ്തു ജനങ്ങള്‍ക്ക് എത്തിക്കണമെന്നു ഞാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അതുപോലും നടന്നില്ല. അതിനു പകരം തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ജനങ്ങളിലേക്കെത്തിയത്.
മൂന്നുതരം പരിസ്ഥിതി ലോല പ്രദേശങ്ങളായാണ് പശ്ചിമഘട്ടത്തെ തരംതിരിച്ചത്. ഇതില്‍ ഒന്നാമത്തെ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വിശാലമായ അണക്കെട്ടുകളോടെയുള്ള പദ്ധതികള്‍ നടപ്പാക്കരുതെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്. ഇത്തരം മേഖലകളില്‍ രാസവളം ഉപയോഗിച്ചു കൃഷി ചെയ്യരുതെന്നും റിപോര്‍ട്ടിലുണ്ട്. രാസവളത്തില്‍നിന്നു ജൈവ വളത്തിലേക്കു മാറുമ്പോള്‍ കര്‍ഷകര്‍ക്കു സംഭവിക്കാവുന്ന നഷ്ടത്തിനു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു വരെ മാധവ് ഗാഡ്ഗില്‍ പരിസ്ഥിതി വിദഗ്ധ സമിതി നിര്‍ദേശിച്ചിരുന്നു. കര്‍ഷകര്‍ക്കു ദോഷകരമായി നിര്‍ദേശങ്ങളല്ല, മറിച്ച് അവര്‍ക്കു സഹായകരമാവുന്ന നിര്‍ദേശങ്ങളാണ് ഗാഡ്ഗില്‍ റിപോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അവരില്‍നിന്നു മറച്ചുവച്ച് അവരെ റിപോര്‍ട്ടിനെതിരായി രംഗത്തിറക്കുകയാണ് ഉണ്ടായത്. കര്‍ഷക ദ്രോഹപരമായ എന്തെങ്കിലും ഒന്ന് മാധവ് ഗാഡ്ഗില്‍ പരിസ്ഥിതി വിദഗ്ധ സമിതി റിപോര്‍ട്ടില്‍ കാണിക്കാന്‍ പല ചര്‍ച്ചകളിലും ഞാന്‍ വെല്ലുവിളിച്ചെങ്കിലും ആരും മറുപടി നല്‍കിയില്ല. അതേസമയം, ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കിയാല്‍ മലയോര മേഖലയിലെ വീടുകള്‍ക്കെല്ലാം പച്ച പെയിന്റ് അടിക്കേണ്ടിവരുമെന്ന തരത്തില്‍ അപഹാസ്യമായ പ്രചാരണങ്ങളാണ് പലരില്‍ നിന്നുമുണ്ടായത്.
അനിയന്ത്രിതമായ പരിസ്ഥിതി ചൂഷണത്തിനെതിരേയും ഗാഡ്ഗില്‍ റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പ്രകൃതി വിഭവങ്ങള്‍ ചുരുക്കം ചിലര്‍ കൊള്ളയടിച്ചു നേട്ടങ്ങളുണ്ടാക്കുന്നതിനെയാണ് എതിര്‍ത്തത്. ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് അനധികൃത ക്വാറി, ക്രഷര്‍ മാഫിയകളെയും പരിസ്ഥിതിയെ കൊള്ളയടിക്കുന്നവരെയും മാത്രമാണ് ബാധിക്കുക. നാടന്‍ മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതും നാടന്‍ കന്നുകാലി ഇനങ്ങളുടെ വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതുമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇതെല്ലാം പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിഭവങ്ങളുടെ നീതിപൂര്‍വകമായി വിതരണത്തിനും വേണ്ടിയുള്ളതായിരുന്നു. എന്നിട്ടുപോലും ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കു വേണ്ടി ഗാഡ്ഗില്‍ റിപോര്‍ട്ട് അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്.
ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ വാര്‍ഡ് സഭകളില്‍ വരെ ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങിയതിനു ശേഷമാണ് ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കേണ്ടത്. റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു നടപ്പാക്കേണ്ട ആവശ്യമില്ല. എന്നാല്‍, ജനങ്ങളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു നീക്കവുമുണ്ടായില്ല. ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കാതെ പകരം കസ്തൂരി രംഗന്‍ കമ്മീഷനെ നിയോഗിച്ചു. വനമേഖലയല്ലാതെ ജനങ്ങള്‍ ജീവിക്കുന്ന പ്രദേശമാണ് ഗാഡ്ഗില്‍ റിപോര്‍ട്ടില്‍ അതീവ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയത്. കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ വനമേഖലയെയാണ് അതീവ പരിസ്ഥിതി ലോല പ്രദേശമായി കാണിച്ചത്. ഏറെ പഠനങ്ങള്‍ നടത്തിയും ആയിരക്കണക്കിനു പേരെ കണ്ടുമാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഇതു ജനങ്ങളിലേക്കെത്തിച്ചു ചര്‍ച്ച ചെയ്യുക എന്ന പ്രാഥമിക കാര്യം തന്നെ നടപ്പായില്ല. ആദ്യ ഘട്ടം മുതല്‍ തന്നെ റിപോര്‍ട്ട് അട്ടിമറിക്കുകയായിരുന്നു.
ഇപ്പോള്‍ ആവര്‍ത്തിച്ചുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണം നിയന്ത്രണമില്ലാത്ത പാരിസ്ഥിതിക ചൂഷണം തന്നെയാണ്. യൂക്കാലി പോലുള്ള ഏകവിളത്തോട്ടങ്ങളുടെ വ്യാപനവും അനിയന്ത്രിതമായ പാറ ഖനനവുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. നമ്മുടെ കെട്ടിട നിര്‍മാണ രീതികളില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. പ്രകൃതിവിഭവങ്ങള്‍ പരമാവധി കുറച്ച് ഉപയോഗിക്കുന്ന നിര്‍മാണ രീതികളിലേക്ക് ഇനിയെങ്കിലും മാറേണ്ടതുണ്ട്. പല വികസിത രാജ്യങ്ങളും മുമ്പുതന്നെ ഈ മാര്‍ഗത്തിലേക്കു നീങ്ങിയിട്ടുണ്ട്. പണമുള്ളവര്‍ പതിനായിരവും അതിലധികവും ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കുമ്പോള്‍ മറ്റു പലര്‍ക്കും അവകാശപ്പെട്ട പ്രകൃതി വിഭവമാണ് അവിടെ കൊള്ളയടിക്കുന്നത്. മറ്റുള്ളവര്‍ക്കു ലഭിക്കേണ്ട പ്രകൃതിവിഭവങ്ങള്‍ ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേരില്‍ പണമുപയോഗിച്ച തട്ടിയെടുക്കുന്നതു നിയന്ത്രിക്കുക എന്നതും പ്രകൃതി സന്തുലനത്തിന്റെ ഭാഗമാണ്.
(മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ അംഗവും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനുമാണ് ഡോ. വി.എസ് വിജയന്‍)