പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി മുന്‍ സംസ്ഥാന ശൂറാ അംഗവുമായിരുന്ന കെ അബ്ദുല്ലാ ഹസന്‍ അന്തരിച്ചു
മലപ്പുറം: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ജമാഅത്തെ ഇസ്‌ലാമി മുന്‍ സംസ്ഥാന ശൂറാ അംഗവുമായിരുന്ന കെ അബ്ദുല്ലാ ഹസന്‍ (78) അന്തരിച്ചു. 1943ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് ജനനം. കുറ്റിയാടി ഇസ്‌ലാമിയാ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1959- 1967ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളജില്‍ പഠിച്ച് എഫ്ഡി, ബിഎസ്എസ്‌സി ബിരുദങ്ങള്‍ നേടി. അധ്യാപകനും ജമാഅത്തെ ഇസ്‌ലാമി മുഴുസമയ പ്രവര്‍ത്തകനുമായി. സകരിയ്യാ ബസാറില്‍ മര്‍കസുല്‍ ഉലൂം മദ്‌റസ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. പിന്നീട് പ്രബോധനം മാസികയുടെ ചുമതല വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധിസഭാംഗമായും കേരള കൂടിയാലോചനാ സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1975- 76ല്‍ ഖത്തറിലെ അല്‍ മഅ്ദുദ്ദീനിയില്‍ ഉപരിപഠനം. തുടര്‍ന്ന് 2001 വരെ ദോഹ മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സ്ഥാപകാംഗമാണ്. മൂന്നുതവണ അതിന്റെ പ്രസിഡന്റായിട്ടുണ്ട്. 2001ല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും ജമാഅത്ത് ശൂറയിലും നുമാഇന്‍ദഗാനിലും അംഗമായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച് ഇസ്‌ലാമിക ദര്‍ശനം എന്ന ഗ്രന്ഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍, ശാന്തപുരം ദഅവാ കോളജ് പ്രിന്‍സിപ്പല്‍, റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ഐപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇസ്‌ലാമിക വിജ്ഞാനകോശം നിര്‍മാണ സമിതി, ശാന്തപുരം അല്‍ജാമിഅ അലുംനി അസോസിയേഷന്‍ നിര്‍വാഹക സമിതി, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതി എന്നിവയില്‍ അംഗമായിരുന്നു.
ഇബാദത്ത് ഒരു ലഘുപരിചയം, റമദാന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാര്‍ (രണ്ട് ഭാഗം), സകാത്ത്: തത്ത്വവും പ്രയോഗവും, ബഹുസ്വര സമൂഹത്തിലെ മുസ്‌ലിംകള്‍, മുസ്‌ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും, മുത്തുമാല (രണ്ടുഭാഗം), കര്‍മശാസ്ത്രത്തിന്റെ കവാടം എന്നിവയാണ് പ്രധാന കൃതികള്‍. ഇസ്‌ലാമിക വിജ്ഞാനകോശത്തിലും ആനുകാലികങ്ങളിലും ധാരാളമായി എഴുതിയിരുന്നു. പിതാവ്: അഹ്മദ് കൊടക്കാടന്‍. മാതാവ്: തലാപ്പില്‍ ഫാത്വിമ. ഭാര്യ: എ സാബിറ. മക്കള്‍: അഹ്മദ് ഫൈസല്‍ (കുവൈത്ത് കെഐജി പ്രസിഡന്റ്), അബ്ദുസ്സലാം (ഖത്തര്‍), അന്‍വര്‍ സഈദ്(കുവൈത്ത്), അലി മന്‍സൂര്‍, ഹസീന, ഡോ. അനീസ് റഹ്മാന്‍, ആബിദ് റഹ്മാന്‍, അല്‍ത്വാഫ് ഹുസൈന്‍. ജനാസ നമസ്‌കാരം വൈകീട്ട് 4.30 മുതല്‍ മഞ്ചേരി മുബാറക്ക് സ്‌കൂളില്‍. ഖബറടക്കം ബുധനാഴ്ച രാത്രി 8.30ന് മഞ്ചേരി സെന്‍ട്രല്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.