പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം:ദുരൂഹത തുടരുന്നു ; സഹോദരിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലിസ്
വിസ്മയ,ജിത്തു എന്നിവരില്‍ വിസ്മയയാണ് മരിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിനു ശേഷം ജിത്തുവിനെയാണ് കാണാതായിരിക്കുന്നത്.കൊലപാതകമാണെന്നാണ് പോലിസിന്റെ സംശയം. കാണാതായിരിക്കുന്ന ജിത്തുവിന്റെ സുഹൃത്തിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
കൊച്ചി: പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.പറവൂര്‍ സ്വദേശി ശിവാനന്ദന്റെ പെണ്‍മക്കളില്‍ ഒരാളാണ് വെന്തു മരിച്ചത്. സഹോദരിയെ കാണാതായി.വിസ്മയ,ജിത്തു എന്നിവരില്‍ വിസ്മയയാണ് മരിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിനു ശേഷം ജിത്തുവിനെയാണ് കാണാതായിരിക്കുന്നത്.കൊലപാതകമാണെന്നാണ് പോലിസിന്റെ സംശയം. കാണാതായിരിക്കുന്ന ജിത്തുവിന്റെ സുഹൃത്തിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. മുറ്റത്തെ ഗേറ്റും വീടിന്റെ വാതിലും ഉളളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഗേറ്റ് ചാടിക്കടന്നാണ് ഉളളില്‍ കടന്നത്.തുടര്‍ന്ന് വെള്ളം പമ്പു ചെയ്താണ് തീയണച്ചത്.
ശിവാനന്ദനും കുടുംബവും സമീപ വാസികളുമായി അധികം ബന്ധം ഇല്ലായിരുന്നു. ജിത്തവിന് മാനസികമായി പ്രശ്‌നമുള്ളതായിട്ടാണ് പറയപ്പെടുന്നത്. തീപിടുത്തത്തില്‍ ഒരു മുറി പൂര്‍ണ്ണമായും കത്തി നശിച്ചു.മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിപ്പോയതോടെയാണ് ആളെ തിരിച്ചറിയാന്‍ കഴിയാത്തത്.സംഭവം നടക്കുന്ന സമയത്ത് മാതാപിതാക്കള്‍ ആലുവയില്‍ പോയിരിക്കുകയായിരുന്നു.ഇതിനിടയില്‍ വിസ്മയ അമ്മയെ ഫോണില്‍ വിളിക്കുകയും എപ്പോള്‍ വരുമെന്ന് ചോദിക്കുകയും ഉടന്‍ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.ഇതിനു ശേഷമാണ് തീപിടുത്തം നടന്നിരിക്കുന്നത്.നാട്ടുകാരാണ് തീ കണ്ട് പോലിസിനെ അറിയിച്ചത്.സംഭവത്തിനു ശേഷം വിസ്മയയുടെ സഹോദരി ജിത്തു വീട് വിട്ടു പോയി.വെന്തുമരിച്ചതാരാണെന്ന് കണ്ടെത്തുന്നതിനായി ശാസ്ത്രിയപരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലിസ്.വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.