രണ്ടരവയസുകാരിക്ക് ഗരുതരമായി പരിക്കേറ്റ സംഭവം: കുടുംബത്തിനൊപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍; കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
കുട്ടിയുടെ അമ്മയും മുത്തശ്ശിയും ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നുള്ള റിപോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്
കൊച്ചി: തൃക്കാക്കര തെങ്ങോട് രണ്ടര വയസ്സുകാരിക്ക് ഗുരുതരമായി സംഭവത്തില്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.ആന്റണി ടിജിന്‍ എന്നയാളെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.മൈസൂരില്‍ നിന്നാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം.ഇയാളെ ഇന്ന് കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം.അതിനിടയില്‍ കുട്ടിയുടെ അമ്മയും മുത്തശ്ശിയും ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നുള്ള റിപോര്‍ട്ടും പുറത്തു വരുന്നുണ്ട്.ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായിട്ടാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേ സമയം കുട്ടിയെ ആരും മര്‍ദ്ദിച്ചതല്ലെന്നും കുട്ടി തന്നെ സ്വയം വരുത്തിവെച്ച പരിക്കുകളാണ് ശരീരത്തിലുള്ളതെന്നുമാണ് കുട്ടിയുടെ മാതാവ് പറയുന്നത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുതരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ പരിക്ക് ഗുരുതരമായിരുന്നതിനാല്‍ വിദഗ്ദ ചികില്‍സയ്ക്കായി പിന്നീട് കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികളിലെ വൈരുധ്യവും മനസിലാക്കിയ ഡോക്ടര്‍മാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലിസ് എത്തി ചോദ്യം ചെയ്തുവെങ്കിലും പരിക്കറ്റതിലെ ദുരൂഹത തുടരുകയാണ്.
തുടര്‍ന്ന് കുട്ടിക്ക് ചികില്‍സ നല്‍കാന്‍ വൈകിയതിനെതിരെ അമ്മയ്‌ക്കെതിരെ കേസെടുത്തിരുന്നു.ഇതിനിടയിലാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സഹോദരിയുടെ ആണ്‍സുഹൃത്ത് ആന്റണി ടിജിനിലേക്ക് പോലിസിന്റെ അന്വേഷണം എത്തുന്നത്.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു രാത്രിയില്‍ തന്നെ ആന്റണി ടിജിനും സഹോദരിയും മുങ്ങിയിരുന്നു.തുടര്‍ന്ന് ഇവര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചതോടെ താന്‍ നിരപരാധിയാണെന്നും കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു. താന്‍ ഒളിവില്‍ അല്ലെന്നും പോലിസ് മുമ്പാകെ ഹാജരാകുമെന്നും പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലര്‍ച്ചയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തതായുള്ള റിപോര്‍ട്ട് വരുന്നത്.