നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

മുപ്പത്തടം പാലറ ഭാഗം മാതേലിപറമ്പ് വീട്ടില്‍ അമല്‍ ബാബു (25) വിനെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്

Update: 2022-03-15 07:23 GMT

കൊച്ചി: ബിനാനിപുരം പോലിസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മുപ്പത്തടം പാലറ ഭാഗം മാതേലിപറമ്പ് വീട്ടില്‍ അമല്‍ ബാബു (25) വിനെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റേഞ്ച് ഡിഐജി നീരജ്കുമാര്‍ ഗുപ്തയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, കവര്‍ച്ചാശ്രമം, മയക്കുമരുന്ന് കേസ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ബിനാനിപുരം, ആലുവ പോലിസ് സ്‌റ്റേഷനുകളിലായി എട്ട് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു. ജനുവരിയില്‍ ബിനാനിപുരം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസിലും, കവര്‍ച്ച കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ ഇതുവരെ 40 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 31 പേരെ നാടുകടത്തി. റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിന് വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Similar News