ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യം;നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി
ആമ്പല്ലൂര്‍ സ്വദേശി ആദര്‍ശ് (25) ന്റെ ജാമ്യമാണ് റദ്ദാക്കിയത്. മോഷണക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കത്തി കാണിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ആദ്യ കേസിന്റെ ജാമ്യം റദ്ദ് ചെയ്തത്
കൊച്ചി: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി. ആമ്പല്ലൂര്‍ സ്വദേശി ആദര്‍ശ് (25) ന്റെ ജാമ്യമാണ് റദ്ദാക്കിയത്. മോഷണക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കത്തി കാണിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ആദ്യ കേസിന്റെ ജാമ്യം റദ്ദ് ചെയ്തത്. മുളന്തുരുത്തി, ചോറ്റാനിക്കര, ഹില്‍പ്പാലസ് തുടങ്ങിയ സ്‌റ്റേഷനുകളില്‍ ആറ് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായി തുടരുകയാണ്. നിലവില്‍ പതിനഞ്ച് പേരുടെ ജാമ്യം റദ്ദാക്കുകയും അറുപത്തിനാല് പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യം നേടിയ ശേഷം പുറത്തിറങ്ങിയ പ്രതികളെ നിരീക്ഷിച്ചു വരികയാണെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.