ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക ക്ഷേമനിധി ഫണ്ടില്‍ തിരിമറി; സിബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു
ഒമ്പത് പ്രതികള്‍ക്കെതിരെയാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണം നടത്തുന്നത്. ഹൈക്കോടതി ഉത്തരവു പ്രകാരം അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന സിബിഐ പ്രത്യേക കോടതി മുന്‍പാകെ എസ്പി സി ബി രാമദേവനാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്
കൊച്ചി: കേരളാ ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക ക്ഷേമനിധി ഫണ്ടില്‍ തിരിമറി നടത്തി 7.61 കോടി രൂപ തട്ടിയെടുത്ത കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 9 പ്രതികള്‍ക്കെതിരെയാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണം നടത്തുന്നത്. ഹൈക്കോടതി ഉത്തരവു പ്രകാരം അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന സിബിഐ പ്രത്യേക കോടതി മുന്‍പാകെ എസ്പി സി ബി രാമദേവനാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
2007 മുതല്‍ വിവിധ ബാര്‍ അസോസിയേഷനുകളില്‍ നിന്നു പിരിച്ചെടുത്ത തുകയും ക്ഷേമനിധി സ്റ്റാംപ് വില്‍പനയുമായി ബന്ധപ്പെട്ടു ലഭിച്ച തുകയുമാണു രേഖകള്‍ തിരുത്തി പ്രതികള്‍ സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയത്. വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ചാണു കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.