-ശ്രീധരന്‍പിള്ളയുടെ നിയമജ്ഞാനമോര്‍ത്ത് നിയമജ്ഞാനം പരിഹാസ്യമെന്ന് കാനം
കോഴിക്കോട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളോട് ചെയ്ത കൊലച്ചതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നിരീശ്വരവാദികളായ ഭരണകൂടത്തിന്റെ ചെയ്തികള്‍ വിശ്വാസികളുടെ നെഞ്ചില്‍ വലിയ മുറിവാണുണ്ടാക്കിയിരിക്കുന്നത്. സിപിഎം കേരളത്തില്‍നിന്നും തൂത്തെറിയപ്പെടും. യുവതീ പ്രവേശനത്തോടെ ബിജെപി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കിയത് ചതിയാണെന്ന് പറയുന്ന ശ്രീധരന്‍പിള്ളയുടെ നിയമജ്ഞാനത്തില്‍ പരിഹാസമാണ് തോന്നുന്നതെന്ന് കാനം അഭിപ്രായപ്പെട്ടു. ശബരിമലയില്‍ യുവതികളെ ആരും നിര്‍ബന്ധിച്ച് കൊണ്ടുവന്നതല്ല. സുരക്ഷയൊരുക്കുകയാണ് ചെയ്തത്. വെടിവയ്പ്പ് നടത്തി യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കിയില്ല. യുവതികള്‍ കയറിയപ്പോള്‍ ചതിയാണെന്ന് എന്തിനാണ് പറയുന്നതെന്നും കാനം ചൂണ്ടിക്കാട്ടി.