നവോഥാന പ്രവര്‍ത്തനവും വിശ്വാസ സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല ; എല്‍ഡിഎഫ് ആശയ വ്യക്തത വരുത്തണമെന്ന് പുന്നല ശ്രീകുമാര്‍
നവോഥാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ശബരിമല പോലുള്ള പ്രശ്‌നങ്ങള്‍ ഇനിയും ഉയര്‍ന്നുവരും.ആര് കൈയ്യൊഴിഞ്ഞാലും സാമൂഹ്യ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നും കെപിഎംഎസ് പിന്നോട്ട് പോകില്ലെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു
കൊച്ചി:നവോഥാന പ്രവര്‍ത്തനവും വിശ്വാസ സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും ഇടതുപക്ഷവും ആശയ വ്യക്തത വരുത്തണമെന്നും കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യന്‍കാളി അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവോഥാന സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നവോഥാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ശബരിമല പോലുള്ള പ്രശ്‌നങ്ങള്‍ ഇനിയും ഉയര്‍ന്നുവരും.ആര് കൈയ്യൊഴിഞ്ഞാലും സാമൂഹ്യ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നും കെപിഎംഎസ് പിന്നോട്ട് പോകില്ലെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.സാമൂഹ്യ പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി അധികാരം ത്യജിച്ച പാരമ്പര്യമുള്ള നാടാണ് കേരളം. നവോഥാനത്തിന് കുറുക്കുവഴിയൊന്നുമില്ല. ആര്‍എസ്എസ് അജണ്ട തകര്‍ക്കല്‍ മാത്രമല്ലിത്. യാഥാസ്ഥതിക ശക്തികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കുകയാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം ആയുധമാക്കിയ എന്‍ഡിഎയ്ക്ക് വന്‍ തിരിച്ചടിയുണ്ടായി. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം ജനാധിപത്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിപ്ലവകരമാണ്. അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അയ്യന്‍കാളിയുടെ പിന്‍മുറക്കാര്‍ക്ക് കഴിയണം. നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കുറയുമ്പോഴാണ് ജീര്‍ണത വളരുന്നത്. കേരളത്തിന്റെ ചിരിയും വരയും വളരണമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനും കെപിഎംഎസിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെപിഎംഎസിന്റെ സുവര്‍ണ ജൂബിലി 2021ല്‍ മലബാര്‍ സംഗമമായി ആഘോഷിക്കും.ചടങ്ങില്‍ കെപിഎംഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ രമേശന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഖജാന്‍ജി എന്‍ രമേശന്‍, രമേശ് മണി, എം കെ വേണു ഗോപാല്‍,ജില്ലാ സെക്രട്ടറി ടി കെ രാജഗോപാല്‍, കെ കെ സന്തോഷ് സംസാരിച്ചു.