സംഗീതയുടെ ദുരൂഹമരണം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

സാമൂഹിക പ്രവര്‍ത്തക അഡ്വ :സിമി ജേക്കബാണ് ചെയര്‍പേഴ്‌സണ്‍.വൈസ് ചെയര്‍മാന്‍ ബാബു വേങ്ങൂര്‍

Update: 2022-07-11 13:48 GMT
സംഗീതയുടെ ദുരൂഹമരണം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: ഭര്‍തൃവീട്ടില്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എറണാകുളം സ്വദേശിനി സംഗീതയുടെ ദുരൂഹ മരണത്തിനു കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നും സംഗീതയുടെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.സാമൂഹിക പ്രവര്‍ത്തക അഡ്വ :സിമി ജേക്കബാണ് ചെയര്‍പേഴ്‌സണ്‍.വൈസ് ചെയര്‍മാന്‍ ബാബു വേങ്ങൂര്‍.വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന ആക്ഷന്‍ കൗണ്‍സില്‍ സമര പോരാട്ടങ്ങളില്‍ ഭാഗമാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ കെ എ മുഹമ്മദ് ഷമീര്‍ പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് സംഗീതയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.തൃശൂര്‍ സ്വദേശിയായ സുമേഷിനെ പ്രണയിച്ചാണ് സംഗീത വിവാഹം കഴിച്ചത്.എന്നാല്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ ജാതിയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും പീഡനം പതിവായിരുന്നുവെന്ന് ആരോപിച്ച് സംഗീതയുടെ കുടുംബം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

താഴ്ന്ന ജാതിയായെന്ന ആരോപണത്താല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കുമായിരുന്നില്ല ,സംഗീത കഴിക്കുന്ന പത്രങ്ങള്‍ ആരും ഉപയോഗിക്കാതിരിക്കാന്‍ മാറ്റി വെപ്പിക്കുമായിരുന്നു .അറപ്പുളവാക്കുന്ന വാക്കുകള്‍ പറഞ്ഞു അപമാനിക്കുന്നത് നിത്യമായി ഭര്‍ത്താവിന്റെ കുടുംബം ചെയ്തിരുന്നു.പല തവണ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും പുറത്തു നിര്‍ത്തുകയും ചെയ്തിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Similar News