അപകീര്‍ത്തികരമായ വാര്‍ത്താ പ്രചാരണം; ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പ്രസ് കൗണ്‍സിലിനും എസ്ഡിപിഐ പരാതി നല്കി
ഇതു സംബന്ധിച്ച വാര്‍ത്താ ലിങ്കും സ്ക്രീന്‍ ഷോട്ടും പരാതിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ എസ്ഡിപിഐ സംസ്ഥാന പോലിസ് മേധാവിക്കും ആഭ്യന്തര സെക്രട്ടറിക്കും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും പരാതി നല്കി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായിലാണ് പരാതി നല്‍കിയത്. റിപോര്‍ട്ടര്‍ ടിവി, ജനം ടിവി എന്നീ മാധ്യമങ്ങളാണ് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച വാര്‍ത്താ ലിങ്കും സ്ക്രീന്‍ ഷോട്ടും പരാതിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘപരിവാര അജണ്ടയായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും അന്വേഷണം വഴിതിരിച്ചു വിടുന്നതിനുമായി കരുതിക്കൂട്ടി ചെയ്യുന്ന പദ്ധതികളാണെന്ന് സംശയിക്കുന്നതായും സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തി ആശങ്കകള്‍ അകറ്റണമെന്നും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.