ആരോഗ്യ മേഖലയില്‍ 1000 പുതിയ തസ്തികകള്‍ അനുവദിച്ചു
ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും 2 അസിസ്റ്റന്റ് സര്‍ജന്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് 400 അസിസ്റ്റന്റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നത്.
തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും 2 അസിസ്റ്റന്റ് സര്‍ജന്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് 400 അസിസ്റ്റന്റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഈ തസ്തികകളില്‍ എത്രയും വേഗം നിയമനം നടത്തി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
ആര്‍ദ്രം മിഷന്‍ പ്രഖ്യാപിക്കപ്പെട്ട ഉടനെ ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇതിനായി 830 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തത്. ഇതിന്റെ ആദ്യഘട്ടമായാണ് 1,000 തസ്തികകള്‍ സൃഷ്ടിക്കുന്നത്.
നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചവരെ ഒരു ഡോക്ടര്‍ എന്നായിരുന്നു വ്യവസ്ഥ. അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ശേഷം സാധാരക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉപകാരപ്രദമായിരുന്നില്ല. അതിനാല്‍ അവരെല്ലാം ചികിത്സയ്ക്കായി ദ്വിതീയ ത്രിതീയ മേഖലകളെ ആശ്രയിക്കേണ്ടതായി വന്നിരുന്നു. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാക്കി വര്‍ധിപ്പിച്ചുകൊണ്ട് മികച്ച സൗകര്യങ്ങളൊരുക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്.
എല്ലായിടത്തും ആധുനിക ലബോറട്ടികള്‍ സ്ഥാപിച്ചു. പ്രീ ചെക്ക് കൗണ്‍സിലിങ്, എന്‍സിഡി ക്ലിനിക്കുകള്‍, തുടങ്ങിയവയും വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ (യോഗ, വെല്‍നസ് സെന്റര്‍) എന്നിവയും ഏര്‍പ്പെടുത്തി. പഞ്ചായത്തിലെ മുഴുവന്‍ പൗരന്‍മാരുടേയും മാനസികവും ശാരീരികവുമായ ആരോഗ്യ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. രോഗങ്ങള്‍ പ്രാഥമിക ദശയില്‍ തന്നെ മനസിലാക്കി ആവശ്യമായ കൗണ്‍സിലിംഗും ചികിത്സയും നിര്‍ദേശിക്കുക, ആവശ്യമെങ്കില്‍ മാത്രം കൂടുതല്‍ സങ്കീര്‍ണമായ പരിശോധനയും ചികിത്സയും നിര്‍ദേശിക്കുക, രോഗ പ്രതിരോധശേഷി ആര്‍ജിക്കാനുള്ള ജീവിതശൈലി സ്വായത്തമാക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യവും ഇതിനനുസരിച്ച് മാറ്റിത്തുടങ്ങി. ഹരിതാഭമായ പരിസരം, വൃത്തിയും വെടിപ്പുമുള്ള കെട്ടിടം, ടോയ്‌ലറ്റ്, ആധുനിക ഇരിപ്പിട സൗകര്യവും ഒക്കെയുള്ള റിസപ്ഷന്‍, പ്രീ ചെക്കപ്പ് ഏരിയ, ആധുനിക ലബോറട്ടറി, ശിശു സൗഹൃദ ഇമ്മ്യൂണൈസേഷന്‍ റൂമുകള്‍, കുട്ടികള്‍ക്ക് കളിസ്ഥലം, സൗകര്യപ്രദമായ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, സൗകര്യപ്രദമായ പരിശോധന മുറികള്‍, ഇ-ഹെല്‍ത്ത് വഴി വിവര വിനിമയ സംവിധാനം, തുടങ്ങി ഒരു അത്യന്താധുനിക സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന എല്ലാ സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. തസ്തികകള്‍ അധികമായി സൃഷ്ടിച്ചതിലൂടെ കൂടുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച സേവനം ജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.