ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികൾ

സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.

Update: 2020-02-19 06:30 GMT

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന്  മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികള്‍കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.

ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.

24 മണിക്കൂറും സജീവമാകുന്ന നഗരകേന്ദ്രങ്ങൾ

തിരുവനന്തപുരം നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.   സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

മാസംതോറും താലൂക്ക്തല അദാലത്തുകള്‍

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാതല ഉദ്യോഗസ്ഥരെ ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നതിനു കൂടി ഉദ്ദേശിച്ചാണ് താലൂക്ക്തല അദാലത്തുകള്‍ നടത്തുന്നത്. അദാലത്തുകളില്‍ ജില്ലാ കലക്ടറും തഹസില്‍ദാര്‍മാരും ജില്ലാതല വകുപ്പ് മേധാവികളും പങ്കെടുക്കും.

അദാലത്തുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കും. അദാലത്തുകളുടെ നടപടിക്രമങ്ങളും തീരുമാനങ്ങളും അദാലത്ത് നടന്ന് പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കും.

അദാലത്ത് നടക്കുന്ന താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റും സെക്രട്ടറിയും അദാലത്തില്‍ പങ്കെടുക്കും.

നൂതന സാങ്കേതിക വിദ്യ:  നെതര്‍ലന്‍റ്സുമായി ധാരണാപത്രം ഒപ്പിടും

നൂതന സാങ്കേതിക വിദ്യകളായ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ബിഗ് ഡാറ്റ, മെഷിന്‍ ലേണിംഗ് മുതലായവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതര്‍ലാന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് അപ്ലൈഡ് സയന്‍റിഫിക്ക് റിസര്‍ച്ചുമായി (ടി.എന്‍.ഒ) ഐടി വകുപ്പിനു കീഴിലുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വേര്‍ (ഐസി ഫോസ്) ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഫോര്‍ത്ത്കോഡ് നെതര്‍ലാന്‍റ്സുമായി സഹകരിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക. ധാരണാപത്രമനുസരിച്ച് സംസ്ഥാനത്ത് ഐ.ഒ.ടിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. സ്മാര്‍ട്ട് വില്ലേജസ, വാട്ടര്‍ മാനേജ്മെന്‍റ്, പരിസ്ഥിതി, കന്നുകാലി സമ്പത്ത്, വിള സംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് നെതര്‍ലാന്‍റ്സുമായുള്ള സഹകരണം.  

അധിക ചുമതല

ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ തേജാ മൈല വരപ്പിന് കൊച്ചി ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി സ്പെഷല്‍ ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

തസ്തികകള്‍

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ശാസ്ത്ര-സാങ്കേതിക വിഭാഗത്തില്‍ 18 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ജലഗ്രാം പദ്ധതിക്ക് ഭരണാനുമതി

പാലക്കാട് കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാം രണ്ടാം ഘട്ടത്തിന്‍റെ പ്രവര്‍ത്തനത്തിന് 69 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

Tags:    

Similar News