കൊവിഡ്: ജില്ലകളിലെ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ 14 ഐഎഎസ് ഉദ്യോഗസ്ഥര്‍

ടെസ്റ്റുകള്‍ കൂട്ടാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചു. റേഷന്‍ എത്തിക്കാന്‍ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററൊരുക്കും.

Update: 2020-07-14 13:00 GMT

തിരുവനന്തപുരം: രോഗവ്യാപനം കൂടുന്നതിനാല്‍ ജില്ലകളിലെ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കെ ഇമ്പശേഖര്‍, എസ് ചിത്ര കൊല്ലം, എസ് ചന്ദ്രശേഖര്‍ പത്തനംതിട്ട, തേജ് രോഹിത് റെഡ്ഡി ആലപ്പുഴ, രേണു രാജ് കോട്ടയം, ഇ ആര്‍ പ്രേമകുമാര്‍ ഇടുക്കി, ജെറോമിക് ജോര്‍ജ് എറണാകുളം, ജീവന്‍ ബാബു തൃശ്ശൂര്‍, എസ് കാര്‍ത്തികേയന്‍ പാലക്കാട്, എന്‍എസ്‌കെ ഉമേഷ് മലപ്പുറം, വീണ മാധവന്‍ വയനാട്, വി വിഘ്‌നേശ്വരി കോഴിക്കോട്, പിആര്‍കെ തേജ കണ്ണൂര്‍, അമിത് മീണ കാസര്‍കോട്.

തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാന്‍ ഇതേപോലെ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. റിവേഴ്‌സ് ക്വാറന്റീനും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും നിര്‍മിക്കാന്‍ ഇവര്‍ കലക്ടര്‍മാരെ സഹായിക്കും. തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്.

ഇവരില്‍ പൂന്തുറ, കൊട്ടക്കല്‍, വെങ്ങാനൂര്‍, പുല്ലുവിള ക്ലസ്റ്ററുകളില്‍ ഉള്ളവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. ഉറവിടം അറിയാത്ത 19 പേരുമുണ്ട്. ചില പ്രത്യേക പ്രദേശങ്ങളില്‍ പ്രത്യേക നിയന്ത്രണമേര്‍പ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി. സൗജന്യറേഷന്‍ വിതരണം പൂര്‍ത്തിയായി. എറണാകുളത്ത് സമ്പര്‍ക്കരോഗവ്യാപനം കൂടിയ ചെല്ലാനം, ആലുവ, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കി. ടെസ്റ്റുകള്‍ കൂട്ടാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചു. റേഷന്‍ എത്തിക്കാന്‍ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററൊരുക്കും.

Tags:    

Similar News