16 കാരിക്ക് പീഡനം: കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള പോലിസ് നീക്കം വിവാദത്തില്‍
എല്ലാവരുടെയും പേരുകള്‍ പറഞ്ഞാല്‍ പ്രതികളുടെ കുടുംബം ആത്മഹത്യ ചെയ്യുമെന്ന ഓഡിയോ സന്ദേശം പോലിസ് കേള്‍പ്പിച്ചതായും പെണ്‍കുട്ടി ശിശുക്ഷേമ സമിതി മുമ്പാകെ മൊഴി നല്‍കിയിരുന്നു
തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ 16കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള പോലിസ് നീക്കം വിവാദത്തില്‍. തിരൂരങ്ങാടിയിലെ സ്വകാര്യ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയെ 12 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിലാണ് പ്രതികളെ രക്ഷപ്പെടുത്താന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ക്ലാസ് റൂമിലെ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി നടത്തിയ ഞെട്ടിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പോലിസിന് കൈമാറിയ വിഷയമാണ് അട്ടിമറിക്കപ്പെട്ടത്. സംഭവത്തില്‍ കുട്ടികളെ കൊണ്ടുപോവുന്ന വാഹനത്തിന്റെ ഡ്രൈവറെ മാത്രം നിസ്സാര വകുപ്പുകള്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് കേസ് അട്ടിമറിക്കാന്‍ പോലിസ് നടത്തിയ നീക്കം തേജസ് ന്യൂസ് നേരത്തേ പുറത്തുവിട്ടിരുന്നു. കേസില്‍ പിടിക്കപ്പെട്ടിരുന്ന പ്രതിയുടെ ചിത്രം പോലും പോലിസ് മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നില്ല. അട്ടിമറിനീക്കം വാര്‍ത്തയായതോടെ കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനു തിരിച്ചടിയായി.
കൗണ്‍സിലിങ് നടത്തിയ സമയത്ത് കുട്ടി നല്‍കിയ മൊഴി വനിതാ പോലിസ് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി എടുത്തിരുന്നു. പിന്നീട് തിരൂരങ്ങാടി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീണ്ടും മൊഴി തിരുത്തുകയും ആദ്യം എഴുതിയെടുത്തത് കുട്ടിയുടെ മുന്നില്‍ വച്ച് കീറിക്കളയുകയുമായിരുന്നു. മറ്റ് പ്രതികളുടെ പേര് പറയിപ്പിക്കാതെ, ധൃതിപ്പെട്ട് മജിസ്‌ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടിയെ ഹാജരാക്കുകയുമായിരുന്നുവെന്നും, എല്ലാവരുടെയും പേരുകള്‍ പറഞ്ഞാല്‍ പ്രതികളുടെ കുടുംബം ആത്മഹത്യ ചെയ്യുമെന്ന ഓഡിയോ സന്ദേശം പോലിസ് കേള്‍പ്പിച്ചതായും പെണ്‍കുട്ടി ശിശുക്ഷേമ സമിതി മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതുകാരണം തിരൂരങ്ങാടി പോലിസിനെ ഇനി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കണമെന്നും ശിശുക്ഷേമ സമിതി ജില്ലാ പോലിസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.
കേസില്‍ ആകെ 12 പ്രതികളുണ്ടെന്നാണ് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന് നല്‍കിയ പരാതിയില്‍ പറയുന്നതെന്നാണു സൂചന. കേസില്‍ തിരുരങ്ങാടി സ്വദേശിയും ഡ്രൈവറുമായ പട്ടാളത്തില്‍ സന്തോഷ് ഇപ്പോള്‍ റിമാന്റിലാണ്. ഇരയാക്കപ്പെടുന്ന കുട്ടികളെ പോലിസ് ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരാക്കാത്തത് കൃത്യവിലോപമാണെന്നും 60 ശതമാനം കേസുകളിലും പോലിസ് മൊഴിയെടുത്ത് വിട്ടയക്കുന്നതാണ് തിരിച്ചടിയാവുന്നതെന്നും ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍ പറഞ്ഞു. ഇത് മാറ്റാന്‍ പോലിസ് സ്‌റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കും. പല കേസുകളിലും പിന്നീട് കൗണ്‍സിലിങ് നടത്തുമ്പോഴാണ് കൂടുതല്‍ പ്രതികളുടെ പങ്ക് പുറത്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുപോവുന്ന ഡ്രൈവറുടെ നേതൃത്വത്തില്‍ മറ്റ് വിദ്യാര്‍ഥിനികളെയും ദുരുപയോഗം ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി സൂചനയുണ്ട്.