പാലിയേറ്റീവ് സെന്ററുകളുടെ തണലില്‍ 48 പേര്‍ ഉംറ നിര്‍വഹിക്കാനെത്തുന്നു
മലപ്പുറം ജില്ലയിലെ വിവിധ പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററുകളുടെ പരിചരണത്തില്‍ കഴിയുന്നവരാണ് സപ്തംബര്‍ 25ന് കൊച്ചിയില്‍നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയിലെത്തുന്നത്. ഇവരോടൊപ്പം നൂറോളംപേര്‍ സഹായത്തിനും മറ്റുമായി കൂടെ യാത്രചെയ്യുന്നുണ്ട്.
ജിദ്ദ: വിവിധ കാരണങ്ങളാല്‍ പൂര്‍ണമായ ശാരീരികശേഷിയില്ലാത്ത 48 പേര്‍ ഒരേ വിമാനത്തില്‍ ഉംറ നിര്‍വഹിക്കാനെത്തുന്നു. മലപ്പുറം ജില്ലയിലെ വിവിധ പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററുകളുടെ പരിചരണത്തില്‍ കഴിയുന്നവരാണ് സപ്തംബര്‍ 25ന് കൊച്ചിയില്‍നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയിലെത്തുന്നത്. ഇവരോടൊപ്പം നൂറോളംപേര്‍ സഹായത്തിനും മറ്റുമായി കൂടെ യാത്രചെയ്യുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ 30ലധികം വീല്‍ചെയറുകള്‍ യാത്രയില്‍ കൊണ്ടുവരുന്നുണ്ട്. കേരളത്തില്‍നിന്നും ആദ്യമായാണ് ഒരേ വിമാനത്തില്‍ പരസഹായം വേണ്ട 48 പേര്‍ യാത്രചെയ്യുന്നത്.
കൂടെ യാത്രചെയ്യുന്നതില്‍ പാരാമെഡിക്കല്‍ അംഗങ്ങളും വീല്‍ചെയര്‍ സര്‍വീസിനുള്ള വളണ്ടിയര്‍മാരുമുണ്ടാവും. ജിദ്ദ എയര്‍പോര്‍ട്ടില്‍ യാത്രാസംഘമെത്തുമ്പോള്‍ അവരെ സ്വീകരിച്ച് മക്കയിലും മദീനയിലും സൗകര്യങ്ങളൊരുക്കി തീര്‍ത്ഥാടനം എളുപ്പമാക്കാനുള്ള ഒരുക്കത്തിലാണ് ജിദ്ദ പാലിയേറ്റീവ് കോ-ഓഡിനേഷന്‍ കമ്മിറ്റി. നിലവില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ സന്നദ്ധസംഘടനകളുടെ സഹകരണം പാലിയേറ്റീവ് കോ-ഓഡിനേഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്. അല്‍ഹിന്ദ് ടൂര്‍ ആന്റ് ട്രാവല്‍സിന് കീഴിലാണ് തീര്‍ത്ഥാടകരെത്തുന്നത്. മദീനയില്‍ ഇവരെ സഹായിക്കാന്‍ അഷ്‌റഫ് ചൊക്ലി, മൂസ മമ്പാട് എന്നിവരുടെ കീഴിലുള്ള സഹായം ഉറപ്പുവരുത്തിട്ടുണ്ട്. കൂടാതെ എയര്‍പോര്‍ട്ട് അധികൃതരുടെ പിന്തുണയുമുണ്ട്. ജിദ്ദ പാലിയേറ്റീവ് കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ ടി നൂറുദ്ദീന്‍, നുഹുമാന്‍ കണ്ണത്ത്, ഉസ്മാന്‍ കുണ്ടുകാവില്‍, അബ്ദുല്‍ മുനീര്‍ കുന്നുംപുറം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.