പോലിസിനെ അവഹേളിച്ചെന്നാരോപിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരേ കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ചെങ്ങന്നൂര്‍ പോലിസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ കല്ലിടലിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Update: 2022-03-05 11:01 GMT

കോട്ടയം: സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയും, പോലിസുകാരെയും അവഹേളിച്ചെന്നാരോപിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരേ കേസ് എടുത്തു. ചെങ്ങന്നൂരില്‍ കല്ലിടലിന് എത്തിയ ഉദ്യോഗസ്ഥരെ കൊടിക്കുന്നിൽ സുരേഷ് പരസ്യമായി ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ചെങ്ങന്നൂര്‍ പോലിസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ കല്ലിടലിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ എംപിയും പോലിസ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

താൻ ഇവിടത്തെ ജനപ്രതിനിധിയാണ്, ഇപ്പോൾ ഇവിടെ കല്ലിടരുത്, ജനങ്ങൾ അക്രമാസക്തരാകും, പോലിസിന് വെടിവയ്ക്കേണ്ടി വരുമെന്നും ഇത് മേലുദ്യോ​ഗസ്ഥരെ ധരിപ്പിച്ച് ഇവിടെ നിന്ന് പിൻമാറണമെന്നും എസ്ഐയോട് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. എന്നാൽ താങ്കൾ ആരുമായും ചർച്ച നടത്തിക്കോളു, എന്നെ ചുമതലപ്പെടുത്തിയ ജോലിയാണ് താൻ ചെയ്യുന്നതെന്നായിരുന്നു എസ്ഐ മറുപടി പറഞ്ഞത്.

അതേസമയം പ്രതിഷേധ സ്ഥലത്ത് എംപിയെത്തുന്നതിന് മുമ്പ് പ്രതിഷേധിച്ച സ്ത്രീകളെ കെ റയിൽ ഉദ്യോ​ഗസ്ഥൻ പിടിച്ചുമാറ്റിയെന്ന ആരോപണവും പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾ ആരോപണമുന്നയിക്കുന്നതും വീഡിയോയിൽ ഉണ്ട്. എന്നാൽ ഏകപക്ഷീയമായ തീരുമാനമാണ് പോലിസിൽ നിന്നുണ്ടായിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

Similar News