പോലിസ് ഉദ്യോഗസ്ഥരുടെ കഥാസമാഹാരം 'സല്യൂട്ട്' ഉടന്‍ പുറത്തിറങ്ങും

പ്രിന്റിംഗ് ജോലി പുരോഗമിക്കുന്ന പുസ്തകം അടുത്തമാസം ആദ്യ ആഴ്ചയോടെ പുറത്തിറങ്ങും.

Update: 2020-09-19 11:30 GMT

തിരുവനന്തപുരം: കേരളാ പോലിസിന്റെ ചരിത്രത്തില്‍ ആദ്യമായി പോലിസ് ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും. 'സല്യൂട്ട് ' എന്നുപേരിട്ട കഥാസമാഹാരത്തില്‍ എഡിജിപി മുതല്‍ സിപിഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി ബി സന്ധ്യയാണ് എഡിറ്റര്‍.

പോലിസുകാരില്‍ നിരീക്ഷണപാടവം വളരെ കൂടുതലായിരിക്കുമെന്നും പോലിസുകാര്‍ സര്‍ഗപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നും എഡിജിപി സന്ധ്യ പറഞ്ഞു. 24 മണിക്കൂറും വിവിധ ജോലികളില്‍ വ്യാപൃതരാകുന്ന പോലിസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദങ്ങളും മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കുമ്പോഴും, സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ ഉണ്ടെന്നുള്ളതിനു തെളിവാണ് ഈ പുസ്തകം. ഒരുവര്‍ഷം മുന്‍പ് എഡിജിപി സന്ധ്യ എഡിറ്ററായി രൂപപ്പെട്ട ആശയം കൊവിഡ് സംബന്ധമായ കാരണങ്ങളാല്‍ പൂര്‍ണതയിലെത്താന്‍ ഇത്രനാളും വേണ്ടിവന്നു. പ്രിന്റിംഗ് ജോലി പുരോഗമിക്കുന്ന പുസ്തകം അടുത്തമാസം ആദ്യ ആഴ്ചയോടെ പുറത്തിറങ്ങും.

ആകര്‍ഷകമായി രൂപകല്പന ചെയ്ത പുസ്തകത്തിന്റെ പുറംചട്ട കഴിഞ്ഞദിവസം പുറത്തിറക്കി. കണ്ണൂര്‍ ജി വി ബുക്സ് ആണ് പ്രസാധകര്‍. കഴിഞ്ഞ വര്‍ഷം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിക്കുകയുകയും, 56 കഥകള്‍ ലഭിക്കുകയും ചെയ്തു. ഇവയില്‍നിന്നും 28 എണ്ണം ജിവി ബുക്സ് എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുത്തു എഡിജിപിക്ക് അയച്ചു. ഇതില്‍നിന്നും 19 കഥകള്‍ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ 20 കഥകളില്‍ ആദ്യത്തേത് എഡിജിപി സന്ധ്യയുടേതാണ്. അവതാരികയും എഡിജിപിയുടേതാണ്. പോലിസുകാരുടെ അനുഭവങ്ങളും ഭാവനയും ചിന്തകളും ഇഴപിരിഞ്ഞു രൂപപ്പെട്ടവയാണ് കഥകളൊക്കെയും.

പത്തനംതിട്ട ജില്ലയില്‍ നിന്നും രണ്ടു പോലിസ് ഉദ്യോഗസ്ഥരുടെ സൃഷ്ടികള്‍ 199 രൂപ വില നിശ്ചയിച്ച കഥാസമാഹാരത്തില്‍ ഉള്‍പെടുന്നതായി ജില്ലാപോലിസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. പത്തനംതിട്ട ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ എഎസ് ഐ സജീവ് മണക്കാട്ടുപുഴ, അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ മിഥുന്‍ എസ് ശശി എന്നിവരുടെ രചനകളാണ് ഉള്‍പെട്ടിട്ടുള്ളത്.

ജേര്‍ണലിസത്തില്‍ ഡിപ്ലോമയെടുത്ത് പത്രത്തില്‍ പരിശീലനം നേടിയ സജീവിനെ, ജില്ലാ പോലിസ് നടത്തിയ കലാമേളയില്‍ സമ്മാനാര്‍ഹനാക്കിയ 'പെയ്തൊഴിയാത്ത കാലം' എന്ന കഥയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. സജീവ് ജില്ലാപോലീസ് മീഡിയ സെല്ലില്‍ പ്രവര്‍ത്തിച്ച് പോലിസ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രസ് റിലീസ് തയാറാക്കി വരുന്നു. ഇന്ത്യന്‍ പോലിസ് ജേര്‍ണലിന്റെ പുറത്തിറങ്ങാനുള്ള ലക്കത്തില്‍ മനുഷ്യക്കടത്തിനെ പറ്റിയുള്ള ലേഖനം എഴുതിയിട്ടുണ്ട്. അടൂര്‍ കെഎപിയിലെ മിഥുന്‍ ഡെപ്യൂട്ടെഷനില്‍ നിയമസഭയിലെ ഡ്യൂട്ടിയിലാണ്. കഥാകൃത്തുക്കളെ അനുമോദിക്കുന്നതായി ജില്ലാ പോലിസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.

Tags:    

Similar News